വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വീണ്ടും ഒളിച്ചുകളി തുടങ്ങിയിട്ട് നാളേറെയായി. യഥാർഥത്തിൽ വേങ്ങരയിൽ വോൾട്ടേജ് ഇല്ലാത്ത പ്രശ്നം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായെന്നു നാട്ടുകാർ പറയുന്നു. അതിനിടെ പ്രശ്നപരിഹാരത്തിനായി എടരിക്കോട് സബ് സ്റ്റേഷനിൽനിന്ന് 11 കെ.വി ലൈൻ വലിച്ചിരുന്നു. വ്യാപാരി വ്യവസായി സംഘടനയുടെ ഫണ്ടിൽനിന്നും നാട്ടുകാരിൽനിന്നും പിരിവെടുത്താണ് അന്ന് അതിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. ഒരു പരിധിവരെ വേങ്ങരയിലെയും പരിസരപ്രദേശങ്ങളിലെയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവാൻ അന്ന് സാധിച്ചു.
എടരിക്കോട്ടുനിന്ന് വേങ്ങരയിലേക്ക് ഫീഡർ വലിച്ചതോടെ കുറച്ച് കാലം വേങ്ങരയിൽ വോൾട്ടേജ് പ്രശ്നത്തിനും ഇടക്കിടക്കുള്ള വൈദ്യുതി മുടക്കത്തിനും പരിഹാരമായെങ്കിലും പിന്നീട് ആ ലൈനിൽനിന്ന് പ്രദേശത്തിന്റെ പല ഭാഗങ്ങളിലേക്കും വൈദ്യുതി വിതരണം നടന്നതോടെ വീണ്ടും വേങ്ങരയിലെ വൈദ്യുതി പ്രശ്നം താറുമാറായി. പിന്നീട് കിഴിശ്ശേരി സബ് സ്റ്റേഷനിൽനിന്ന് വേങ്ങരയിലേക്ക് ലൈൻ വലിച്ചെങ്കിലും അതും ഓവർ ലോഡിന്റെ പേരിൽ വേങ്ങരക്കാർക്ക് കിട്ടാത്ത അവസ്ഥ വന്നു. അതുപോലെ മലപ്പുറത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയും ഓവർ ലോഡിന്റെ പേരിൽ ആവശ്യ നേരത്ത് വേങ്ങരയിലേക്ക് കിട്ടാത്ത അവസ്ഥയായി.
പിന്നീട് വേങ്ങര - കൂരിയാട് 33 കെ.വി സബ്സ്റ്റേഷൻ നിലവിൽ വന്നതോടെ വേങ്ങരയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ. പിന്നീട് കൂരിയാട് സബ്സ്റ്റേഷനിൽനിന്ന് കണ്ണമംഗലം പഞ്ചായത്തിലെ വൻകിട ക്രഷർ വ്യവസായ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി അതിന്റെ ഉടമകൾ വൈദ്യുതി ഓഫിസുകളിൽ അപേക്ഷ കൊടുത്തപ്പോൾ, സ്ഥാപനം പ്രവർത്തിക്കാൻ കൂടി അവശ്യമായത്ര വൈദ്യുതി നൽകാനുള്ള ശേഷി കൂരിയാട് സബ്സ്റ്റേഷനിൽ നിലവിൽ ഇല്ലെന്നതിനാൽ ഉദ്യോഗസ്ഥർ ക്രഷർ ഉടമകളുടെ അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാൽ, ഭരിക്കുന്ന സർക്കാറിൽ ക്രഷർ ഉടമകൾക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി വീണ്ടും സമ്മർദം ചെലുത്തുകയും കണക്ഷൻ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ വോൾട്ടേജ് ക്ഷാമം പതിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.