സ്റ്റോപ് മെമ്മോ നൽകിയ അനധികൃത ഇഷ്ടികക്കളത്തിന് അധികൃതരുടെ ഒത്താശ

ചിറ്റൂർ: 'മാധ്യമം' വാർത്തയെത്തുടർന്ന് സ്‌റ്റോപ്​ മെമ്മോ നൽകിയ കളത്തിൽനിന്ന് അധികൃതരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് ഇഷ്ടിക ഉടമ കടത്തി. വടകരപ്പള്ളിക്ക്​ സമീപം പുഴയോരത്തായി പ്രവർത്തിക്കുന്ന ഇഷ്ടികക്കളത്തിലാണ്​ സംഭവം. മാസങ്ങളെടുത്ത് ഇഷ്ടിക മുഴുവൻ കടത്തിയിട്ടും സ്റ്റോപ് മെമ്മോ നൽകിയ പെരുവെമ്പ് വില്ലേജ് അധികൃതർ സംഭവം അറിഞ്ഞിട്ടേയില്ല. പേരിനൊരു സ്റ്റോപ്പ് മെമ്മോ നൽകിയതൊഴിച്ചാൽ മറ്റൊരു നടപടിയും റവന്യൂ വകുപ്പ് മാസങ്ങളായിട്ടും സ്വീകരിച്ചിട്ടില്ല. പിഴ ചുമത്തുകയോ തുടർനടപടി കൈക്കൊള്ളുകയോ ചെയ്യാത്തതിനാൽ സർക്കാറിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമായത്. പെരുവെമ്പ് വില്ലേജ് ഓഫിസറുടെയും പാലക്കാട് തഹസിൽദാരുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയാണ് തുടർ നടപടികളിൽ സംഭവിച്ചത്. ജനുവരി 24ന് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നടപടിക്കായി ജില്ല കലക്ടർക്കോ മൈനിങ്​ ആൻഡ്​ ജിയോളജി വകുപ്പിനോ റിപ്പോർട്ട് നൽകിയില്ല. സ്റ്റോപ്പ് മെമ്മോ നൽകുന്ന ഇഷ്ടികക്കളത്തെക്കുറിച്ച് തഹസിൽദാർ കലക്ടർക്കും മൈനിങ്​ ആൻഡ്​ ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുകയും ജിയോളജി വകുപ്പ് പരിശോധന നടത്തി ഇഷ്ടികകൾ ലേലം ചെയ്യുകയോ സർക്കാറിന്‍റെ തന്നെ നിർമിതികേന്ദ്രത്തിന് കൈമാറുകയോ വേണമെന്നാണ് നിയമം. മാത്രമല്ല നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ഉടമക്കെതിരെ കേസെടുക്കുകയും സ്ഥലം പൂർവസ്ഥിതിയിലാക്കുകയും വേണം. ഇതിന്​ തയാറാവാതെ അനധികൃത ഇഷ്ടികക്കളത്തിന് ഒത്താശ ചെയ്യുകയാണ് അധികൃതർ ചെയ്തത്. കസ്റ്റഡിയിലെടുത്ത ഇഷ്ടിക അനുമതിയില്ലാതെ കടത്തിക്കൊണ്ടുപോയതിന് ഉടമക്കെതിരെ പൊലീസിൽ പരാതി നൽകാനും വില്ലേജ് അധികൃതർ തയാറായിട്ടില്ല. സ്​റ്റോപ്​ മെമ്മോ നൽകിയ ഇഷ്ടികക്കളം PHOTO: PEWCHR2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.