പറമ്പിക്കുളം: പറമ്പിക്കുളത്ത് മൊബൈൽ നെറ്റ് വർക്ക് ഇനി പ്രശ്നമേയല്ല. പറമ്പിക്കുളം ജങ്ഷനിൽ മാത്രം ഉണ്ടായിരുന്ന ബി.എസ്.എൻ.എൽ ടവർ നിലവിൽ തേക്കടി, ഒറവൻ പാടി, ചുങ്കം, കുരിയാർകുറ്റി, പൂപ്പാറ നഗറുകളിലേക്ക് വ്യാപിപ്പിക്കാൻ നടപടിയായി. ഇതിന്റെ ഭാഗമായി തുണക്കടവിൽ ബി.എസ്.എൻ.എൽ ഫോർ-ജി ടവർ പ്രവർത്തനം ആരംഭിച്ചതായി ബി.എസ്.എൻ.എൽ പൊള്ളാച്ചി ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദ് പറഞ്ഞു.
നെല്ലിയാമ്പതി ബി.എസ്.എൻ.എൽ ടവറുമായി ബന്ധിപ്പിച്ചിരുന്ന ഒറവൻപാടി, തേക്കടി എന്നിവിടങ്ങളിൽ ടവറുകൾ പ്രവർത്തനമാരംഭിച്ചിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് മുമ്പ് നെല്ലിയാമ്പതി മേഖലയിൽ ഇടിമിന്നലിനെ തുടർന്ന് തകരാറിലായി.
ഇവയുടെ അറ്റകുറ്റപ്പണികൾ പുരോഗതിയിലാണ്. ഇതിനിടെ തമിഴ്നാട് സേത്തുമടയിൽനിന്ന് പറമ്പിക്കുളം റോഡിന്റെ വശത്തിൽ ബി.എസ്.എൻ.എൽ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ നടപടി പൊതുമരാമത്ത് വകുപ്പ് നിർത്തിവെപ്പിച്ചതിനെതിരെ പ്രതിഷേധമുയർന്നു.
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് അനുവാദമില്ലാതെ റോഡരികിൽ കേമ്പിൾ സ്ഥാപിക്കുന്നതിന്റെ പേരിൽ പ്രവർത്തനം നിർത്തിവെപ്പിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ എന്നിവർ പാലക്കാട്ടെ പൊതുമരാമത്ത് ഓഫിസിലും ബി.എസ്.എൻ.എൽ പൊള്ളാച്ചി ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദിനും കത്ത് നൽകി.
ജില്ല കലക്ടർ ഡോ. എസ്. ചിത്രയുടെ പരിശ്രമമാണ് പറമ്പിക്കുളത്ത് മൊബൈൽ ടവർ പ്രവൃത്തി വേഗത്തിലാക്കുന്നതെന്നും അതിന് തടസ്സമാകുന്ന തരത്തിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള നിലപാട് അവഗണനയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.