പാലക്കാട് താലൂക്കിൽ മറ്റന്നാൾ അവധി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാധകം

പാലക്കാട്: കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

പാലക്കാട് കൽപാത്തി രഥോത്സവത്തി​ന് ഇന്ന് തുടക്കമായി. മൂന്നാം നാളായ വെള്ളിയാഴ്ചയാണ് ദേവരഥസംഗമം. ആറു തേരുകളാണ്‌ രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്‌. ഇവ മുഖാമുഖം എത്തുന്നതാണ്‌ രഥസംഗമം.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടർന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആർപ്പുവിളികളോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്. ഇന്ന് തേര് വലിക്കാൻ സ്ഥാനാർത്ഥികളും നേതാക്കളും എത്തിയിരുന്നു.

പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം വ്യാഴാഴ്‌ചയാണ്‌. പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് മോഹിനി അലങ്കാരവും വ്യാഴാഴ്ച വൈകീട്ട് കുതിരവാഹന അലങ്കാരവും ഉണ്ടാകും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക പൂജയുണ്ടാകും.

ബുധനാഴ്ച മൂഷികവാഹന അലങ്കാരവും വ്യാഴാഴ്‌ച അശ്വവാഹന എഴുന്നള്ളത്തും നടക്കും. 15നാണ് പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. 

Tags:    
News Summary - Kalpathi Rathotsavam: holiday in Palakkad taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.