കൊടുവായൂർ: അടിയന്തരാവസ്ഥ കാലത്തെ വേദനിക്കുന്ന ഓർമകളുമായി അന്നത്തെ വിദ്യാർഥിക്കൂട്ടം ശനിയാഴ്ച ഒത്തുചേരുന്നു. എന്തിനെന്നറിയാതെ 19 പേരാണ് ജയിലിലടക്കപ്പെട്ടത്. അതിക്രൂരമായി മർദിച്ച് പൊലീസ് പീഡിപ്പിച്ചതിന്‍റെ ജ്വലിക്കുന്ന ഓർമകൾ 47 വർഷം കഴിഞ്ഞും ഇപ്പോഴും മനസ്സിൽ മുറിവായുണ്ട്. പെരുവെമ്പ് വാഴക്കോട് കെ. നാരായണൻ, കൃഷ്ണൻകുട്ടി ചോറക്കേട്, വിനോദ് കൃഷ്ണൻ കിനാശ്ശേരി, ചന്ദ്രൻ കിണാശ്ശേരി, വെള്ളപ്പൻ കിണാശ്ശേരി, വിജയൻ തണ്ണിശ്ശേരി, സുബ്രഹ്മണ്യൻ ഇലമന്ദം, രാജൻ വടക്കുംപാടം, സ്വാമിനാഥൻ വടക്കുംപാടം, കൃഷ്ണദാസ് കാക്കയൂർ, രാമദാസ് തോട്ടേക്കാട് തറ, ഹസൻ ആലത്തൂർ, ശെൽവ പെരുമാൾ കൊടുവായൂർ, നാരായണൻ നെന്മേനി, രവി എത്തന്നൂർ എന്നിവരാണ് എല്ലാവർഷവും ഒരുമിച്ചുകൂടാറ്. സംഘത്തിൽ ഉൾപ്പെട്ട ഗംഗാധരൻ തണ്ണിശ്ശേരി, ലക്ഷ്മണൻ പല്ലാവൂർ, ഗോവിന്ദൻകുട്ടി കൊടുവായൂർ, മുരുകൻ പുതുനഗരം എന്നിവർ നിര്യാതരായി. 1976 ആഗസ്റ്റ് ആറിന് കൊടുവായൂർ സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥി തർക്കത്തിന്‍റെ പേരിലാണ് പൊലീസ് 19 ഹൈസ്കൂൾ വിദ്യാർഥികളെ റോഡിലും പാർട്ടി ഓഫിസിലും പൊലീസ് സ്റ്റേഷനിൽനിന്നുമായി അറസ്റ്റ് ചെയ്തത്. കെ.എസ്.യു-എസ്.എഫ്.ഐ തകർക്കത്തെ തുടർന്നാണ് പൊലീസ് സ്കൂളിലെത്തിയത്. 17 എസ്.എഫ്.ഐ പ്രവർത്തകരെയും രണ്ട് കെ.എസ്.യുക്കാരെയുമാണ് പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാലയ പരിസരത്തുനിന്ന് കുട്ടികളെ പൊലീസ് പിടികൂടി അടിക്കുന്നത് കണ്ട ഒരുവിഭാഗം വിദ്യാർഥികൾ കൊടുവായൂർ സി.പി.എം പാർട്ടി ഓഫിസിൽ അഭയം പ്രാപിച്ചു. പുറത്തുനിന്ന് വാതിൽ പൂട്ടി ഇവരെ രക്ഷിക്കാൻ മുതിർന്ന സി.പി.എം പ്രവർത്തകൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ അകത്തുണ്ടെന്നറിഞ്ഞ പൊലീസ് പൂട്ടുപൊളിച്ച് പിടികൂടി മർദിക്കുകയായിരുന്നുവെന്ന് അന്നത്തെ വിദ്യാർഥി സംഘത്തിലുണ്ടായിരുന്ന കെ. നാരായണൻ ഓർത്തെടുക്കുന്നു. 19 വിദ്യാർഥികളെയും രാത്രി പാലക്കാട് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ച് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നീട് റിമാൻഡ് കാലാവാധി ആറുദിവസം കൂടി നീട്ടി. 21 ദിവസം നീണ്ട കഠിന മർദനമുറകളുടെ വേദനകൾ സഹിച്ചാണ് പരിക്കുകളോടെ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വേദനയുടെ നീറുന്ന ഓർമകളുമായി ശനിയാഴ്ച രാവിലെ പത്തിന് കൊടുവായൂർ ജി.എച്ച് സ്കൂളിലാണ് ഇവർ ഒത്തുചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.