പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് സംഭവങ്ങളിലായി 13.8 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. കോഴിക്കോട്ടേക്ക് പോകാനായി പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ സംശയാസ്പദമായി കാണപ്പെട്ട കുറ്റ്യാടി സ്വദേശികളായ പി.ജെ. നിബിൻ (27), പി.ടി. ശ്രീഷ് (24), ടി.വി. സുർജിത് (37) എന്നിവരിൽനിന്ന് 2.3 കിലോ കഞ്ചാവാണ് പിടികൂടിയത്.
വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ധൻബാദ് എക്സ്പ്രസിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയവരായിരുന്നു ഇവർ. കോഴിക്കോട് കുറ്റ്യാടി ഭാഗങ്ങളിൽ ലഹരി മൊത്തവിതരണക്കാരാണ് ഇവർ എന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരു കേസിൽ, രാവിലെ പാലക്കാട് എത്തിച്ചേർന്ന ശബരി എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 11.5 കിലോ കഞ്ചാവ് കണ്ടെടുത്തു. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ എ.പി. ദീപക്, എ.എസ്.ഐ കെ. സജു, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സയ്യിദ് മുഹമ്മദ്, പ്രിവൻറ്റീവ് ഓഫിസർമാരായ എം. സുരേഷ് കുമാർ, കെ. പ്രസാദ്, ടി.എസ്. സുമേഷ്, സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജ്ഞാനകുമാർ, ടി.സി. സജീവ്, വി. ശ്രീകുമാർ, രാഹുൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.