പിരായിരി: പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവുമായി ജൽജീവൻ മിഷൻ പദ്ധതി വരുന്നു. പിരായിരി, മാത്തൂർ പഞ്ചായത്തുകൾ സംയുക്തമായാണ് 81 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായ പിരായിരിയിൽ ഉൾപ്പെടെ കുടിവെള്ളമെത്തുമെന്ന് അധികൃതർ പറയുന്നു. പൂടൂർ പുഴയുടെ തടയണയിൽ നിന്ന് ആയിരം മീറ്റർ മുകളിലായി ആനിക്കാട് സ്ഥാപിക്കുന്ന കിണറിലേക്ക് വെള്ളം പമ്പ് ചെയ്യും. ശേഷം പ്രതിദിനം 12 ദശലക്ഷം സംഭരണശേഷിയുള്ള പ്ലാന്റിലേക്ക് വെള്ളം കയറ്റി വിടും ഇവിടെ നിന്ന് പുഴ വെള്ളത്തെ ശുദ്ധീകരിച്ച് ടാങ്കിലേക്ക് കയറ്റും വിധമാണ് സംവിധാനം. രണ്ടു പഞ്ചായത്തുകൾക്കും രണ്ട് ടാങ്കുകളിലാണ് വിതരണം.
14 ദശലക്ഷം ലിറ്ററിന്റെ സംഭരണ ശേഷിയുള്ള ടാങ്കാണ് മാത്തൂർ പഞ്ചായത്തിന് വേണ്ടി സ്ഥാപിക്കുന്നത്. പിരായിരി പഞ്ചായത്തിനായി 22 ദശലക്ഷത്തിന്റെ ടാങ്കും സ്ഥാപിക്കുന്നുണ്ട്.
ഇരു പഞ്ചായത്തിലേക്കുമായി പ്രതിദിനം 36 ദശലക്ഷം ലിറ്റർ വെള്ളമാണ് പുഴയിൽ നിന്ന് ശേഖരിക്കുക. രണ്ട് പഞ്ചായത്തിലേക്കുമായി 300 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചാണ് ഉപഭോക്താക്കളിൽ എത്തിക്കുക. 81 കോടിയിൽ 45 ശതമാനം കേന്ദ്ര സർക്കാർ നൽകും 30 ശതമാനം കേരള സർക്കാരും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഉപയോക്താവും വഹിക്കണം. പിരായിരിയിൽ 7969 വീടുകളിലേക്കും മാത്തൂർ പഞ്ചായത്തിൽ 6000 വീടുകളിലേക്കും വെള്ളമെത്തും. നിലവിൽ പിരായിരിയിൽ മലമ്പുഴ കുടിവെള്ള പദ്ധതിയും, പഞ്ചായത്തിന്റേതായ പദ്ധതികളിലൂടെയുമാണ് വെള്ളമെത്തുന്നത് എങ്കിലും ചില പ്രദേശങ്ങളിൽ വേനൽക്കാലത്ത് കടുത്ത ക്ഷാമം ഉണ്ടാവാറുണ്ട്. പദ്ധതി വരുന്നതോടെ പഞ്ചായത്തിലേക്ക് പൂർണമായി കുടിവെള്ള മെത്തുമാണ് അധികൃതർ പറയുന്നത്. പദ്ധതിയുടെ പണി തുടങ്ങിയിട്ട് മാസങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.