പാലക്കാട്: ആശ്വാസമേകി മഴക്ക് അൽപ്പം കുറവ്. ജില്ലയിലാകെ 48.5 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. പറമ്പിക്കുളത്ത് മാത്രം 24 മി.മീ. മഴ ലഭിച്ചു. കൊല്ലങ്കോട്-3.2 മി.മീ., ചിറ്റൂർ-5 മി.മീ., പാലക്കാട്-5.8 മി.മീ., മണ്ണാർക്കാട് 6.4 മി.മീ., പട്ടാമ്പി 4.1 മി.മീ. എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴ പെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടം നേരിട്ടിരുന്നു.
വിവിധ ഭാഗങ്ങളിൽ പുഴകളിൽ ഒഴുക്കിൽ പെട്ട് നാല് പേർ മരിച്ചു. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും വെള്ളം കയറിയും വീടുകൾക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചു. എന്നാൽ ഞായറാഴ്ച മഴക്ക് അൽപം ശമനം ഉണ്ടായി. ജൂൺ ഒന്ന് മുതൽ ജൂലൈ 21 വരെ 769.6 മി.മീ. മഴയാണ് പാലക്കാട് പെയ്തത്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 830.1 മി.മീ. മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയിൽ നീരൊഴുക്കിനെ തുടർന്ന് ഡാമുകളിലെ ജലനിരപ്പും വർധിച്ചിരുന്നു. നിലവിൽ കാഞ്ഞിരപ്പുഴ, മംഗലം ഡാം അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 97.5 മീറ്റർ പരമാവധി സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ ഡാമിൽ നിലവിൽ 96.85 മീ. ജലനിരപ്പുണ്ട്. മംഗലം ഡാമിന്റെ പരമാവധി ജലനിരപ്പ് 77.88 മീറ്ററാണ്. നിലവിൽ 76.40 മീ. വെള്ളമാണുള്ളത്. ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴയിൽ 109.59 മീ. ജലനിരപ്പാണുള്ളത്. പരമാവധി 115.06 മീറ്ററാണ്. ജില്ലയിലെ മറ്റു ഡാമുകളിലും ജലനിരപ്പുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.