ലക്കിടി: അറ്റകുറ്റപണിക്കായി ലക്കിടി റെയിൽവെ ഗേറ്റ് അടച്ചിട്ടതോടെ വലഞ്ഞ് യാത്രക്കാരും വിദ്യാർഥികളും. ലക്കിടി പാമ്പാടി റോഡിൽ ലക്കിടി റെയിൽവെ ഗേറ്റാണ് അറ്റകുറ്റപണിക്കായി രണ്ടുനാൾ അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, ആംബുലൻസ്, സ്വകാര്യ ബസുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയൊക്കെ ബുദ്ധിമുട്ടി. ഒറ്റപ്പാലത്തുനിന്നുള്ള സ്വകാര്യ ബസുകൾ ലക്കിടി ഗേറ്റിലെത്തി മടങ്ങി. തിരുവില്വാമലയിൽനിന്നുള്ള സ്വകാര്യ ബസുകളും ഗേറ്റിന് ഇരുഭാഗത്തും വന്ന് തിരിച്ചു.
ദൂര സ്ഥലങ്ങളിൽനിന്ന് അറിയാതെ വന്ന നൂറുകണക്കിന് വാഹനങ്ങൾ ഇവിടെയെത്തി മടങ്ങി. ഇരുചക്ര വാഹനങ്ങളാകട്ടെ സമീപത്തെ ഓവുപാലത്തിനടിയിലെ കല്ലിടുക്കു പാതയിലൂടെ സാഹസികമായി കടന്ന് തീരദേശറോഡിലൂടെ സഞ്ചരിച്ച് മറുകരയെത്തുകയായിരുന്നു. ഇടക്കിടക്ക് റെയിൽവെ ഗേറ്റ് അടച്ചിടുന്നത് വാഹന യാത്രക്കാരെയും സ്വകാര്യ ബസ്സുകളെയും വലപ്പിക്കുന്നത് ചില്ലറയല്ല. രണ്ടു മാസത്തിനിടെ നാലുതവണയാണ് റെയിൽവെ ഗേറ്റ് അടച്ചിട്ടത്. യാത്രക്കാരാകട്ടെ ബസിറങ്ങി റെയിൽവെ പാത താണ്ടിയാണ് മറുഭാഗത്തെത്തിയത്. രോഗികളും വയോധികരും ഏറെ വലഞ്ഞു. റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ സമീപത്തുള്ള ദുർഘടം പിടിച്ച റെയിൽവേ ഓവുപാലമാണ് ഇരുചക്ര വാഹനക്കാർക്ക് ഏക ആശ്രയം. പണ്ടൊക്കെ കാർ, ലോറിയടക്കം വാഹനങ്ങൾ ഈ വഴി കടന്നുപോയിരുന്നു.
കുണ്ടും കുഴിയും നിറഞ്ഞ് കല്ലുകളടർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെയാണ് വാഹന യാത്രക്കാർ ദുരിതത്തിലായത്. താൽക്കാലികമായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിൽ ചെറുവാഹനങ്ങൾക്കെങ്കിലും കടന്ന് പോകാമായിരുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ജീവൻ പണയം വെച്ച് ഈ വഴികടന്ന് പോകുന്നത്. ഈ ഓവുപാലത്തിനടിയിലൂടെയുള്ള പാത നന്നാക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. പക്ഷേ റെയിൽവേ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി. ജനപ്രതിനിധികളും ഈ ആവശ്യം കാര്യമായെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു പതിറ്റാണ്ടായി റെയിൽവേ മേൽപാലത്തിനായി നാട്ടുകാർ മുറവിളി ഉയർത്തുന്നുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ മേൽപാലത്തിനായി മാസങ്ങൾക്ക് മുമ്പ് സ്ഥലം സർവേ നടത്തിപോയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. പാലം വൈകിയാലും സമീപത്തെ ഓവുപാതയെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.