പാലക്കാട്: 37 വർഷങ്ങൾക്ക് ശേഷം പാലക്കാട് നഗരത്തിന് പുതിയ മാസ്റ്റർ പ്ലാൻ വരുന്നു. അമൃത് പദ്ധതിക്ക് കീഴിൽ ജനുവരി നാലിന് നഗരസഭ കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാനിനാണ് തദ്ദേശ വകുപ്പ് അംഗീകാരം ലഭിച്ചത്. ഗസറ്റ് വിജ്ഞാപനം സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് മുതൽ മാസ്റ്റർ പ്ലാൻ നഗരസഭയിൽ പ്രാബല്യത്തിലാകും. അമൃത് 1.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഒമ്പത് നഗരങ്ങളിൽ ഒന്നായ പാലക്കാടിന് പൂർണമായും കേന്ദ്ര സഹായത്തോടെയാണ് ജി.ഐ.എസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
2041ലെ വികസനം മുൻനിർത്തിയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ജില്ല ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നഗരസഭ രണ്ടു വാല്യങ്ങളിലായി മാസ്റ്റർ പ്ലാനിന് രൂപം നൽകിയത്. ഇതോടൊപ്പം ഇൻറർസ്റ്റേറ്റ് ബസ് ടെർമിനൽ, മലിനജല ശുദ്ധീകരണ ശാലകൾ, കൽപ്പാത്തി പൈതൃക കേന്ദ്രം, വിവിധ ഇടങ്ങളിലായി പാർക്കിങ് കേന്ദ്രങ്ങൾ, ഒലവക്കോട് ഒട്ടുകമ്പനി മേൽപ്പാലം, റോഡ് വികസനം, കോട്ടക്ക് സമീപം കാൽനട സൗഹൃദ ഷോപ്പിങ് സ്ട്രീറ്റ് തുടങ്ങിയ വികസന പദ്ധതികളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
86ലെ മാസ്റ്റർ പ്ലാനിന് പുറമെ 86-90 കാലഘട്ടത്തിൽ അംഗീകരിച്ച അഞ്ച് ഡി.ടി.പി (ഡീടെയ്ൽ ടൗൺ പ്ലാനിങ്) സ്കീമുകളാണ് ഇല്ലാതാകുക. മാസ്റ്റർ പ്ലാനുകളുടെ സോണൽ മാനദണ്ഡങ്ങളേക്കാൾ നിയമപരമായി കൂടുതൽ സാധുത ഉള്ളതിനാൽ ഡി.ടി.പി സ്കീമുകളുടെ മാർഗനിർദേശങ്ങളായിരുന്നു നടപ്പാക്കി വന്നിരുന്നത്. പലപ്പോഴും ഇത് കൂടുതൽ നിയന്ത്രണങ്ങളിലേക്കും ആശങ്കയിലേക്കും വഴി തെളിച്ചിരുന്നു. അതിനാൽ കാലാസൃതമായ ഇളവുകൾ ഈ മേഖലകൾക്ക് ലഭിച്ചിരുന്നില്ലെന്ന പരാതി നിലനിന്നിരുന്നു. പലപ്പോഴും നിയമനടപടികൾക്കും വഴിവെച്ചു. ഡി.ടി.പി സ്കീമുകൾ ഇല്ലാതാവുമെങ്കിലും പല സ്കീമുകളിലും പാതിവഴിയിൽ നിലച്ച പദ്ധതികളും തുടർന്ന് വരുന്ന പദ്ധതികളും പുതിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമാകും.
നഗരത്തെ ഭൂവിനിയോഗം വിവിധ മേഖലകളാക്കി തിരിച്ച് കാലാനുസൃതമായ സോണിങ് നിയന്ത്രണങ്ങൾ മാത്രം നിർദേശിച്ചുള്ള മാസ്റ്റർ പ്ലാനിനാണ് സർക്കാർ ഇപ്പോൾ അന്തിമ അംഗീകാരം നൽകിയത്. വിനിയോഗ സാധ്യത അനുസരിച്ച് പുതിയ മാസ്റ്റർ പ്ലാനിൽ 17ഓളം സോണുകളാണുള്ളത്. മുമ്പ് 2005 ഓടെ ഇല്ലാതായ ഡെവലപ്മെന്റ് അതോറിറ്റിയുടെ കാലത്ത് ഏറ്റെടുത്ത സ്ഥലങ്ങൾ അവ പിരിച്ചുവിട്ട ശേഷവും നിഷ്ക്രിയമായി കിടക്കുകയായിരുന്നു. അവയെല്ലാം അനുയോജ്യമായ സോണുകളിലേക്ക് മാറ്റി. ഇതിലൂടെ കാലങ്ങളായി നഗരത്തിലെ ജനങ്ങൾക്ക് നേരിടേണ്ടി വന്നിരുന്ന സോണിങ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്യും.
പഴയ മാസ്റ്റർ പ്ലാനിൽ കൈകൊണ്ട് വരച്ച പ്ലാനുകളാണ് അടുത്ത കാലം വരെ ഉപയോഗിച്ചിരുന്നത്. അതിനാൽ പല സർവേ രേഖകളും അവ്യക്തമായിരുന്നു. ജി.ഐ.എസ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമി 12 ഭൂഭാഗ കഷ്ണങ്ങളാക്കി വലിയ സ്കെയിലാക്കിമാറ്റി. അതിനാൽ ഓരോ ഭാഗവും വലുതാക്കി കാണാനും സർവേ നമ്പറുകൾ വരെ വ്യക്തമായി മനസ്സിലാക്കാനുമാകും.
ഗാർഹിക, വാണിജ്യ, വ്യവസായ, വിനോദ, പൊതു ഉപയോഗങ്ങൾക്കുള്ള മേഖല എന്നിവ തിരിച്ചാണ് വിഭജനമെങ്കിലും വിവിധ മേഖലകളിൽ മിശ്ര ആനുകൂല്യം കിട്ടും. അതായത് റസിഡൻഷ്യൽ ഏരിയയിൽ കെമേഴ്സ്യൽ ബിൾഡിങുകളും സാധ്യമാണ്. എട്ടു മീറ്റർ റോഡ് വീതി ലഭിക്കുന്ന പ്ലോട്ടുകൾക് മിശ്ര ഉപയോഗത്തിന്റെ ആനുകൂല്യം ലഭിക്കും.
നിലവിൽ ഒരു പ്ലോട്ടിൽ 60 ശതമാനം ബിൾഡിങ് കവേറജ് കഴിച്ച് ബാക്കി സ്ഥലം ഒഴിച്ചിടണമായിരുന്നു. കെട്ടിടങ്ങളുടെ ഇരുവശവും ചേർത്തിക്കെട്ടാൻ അനുമതി കൊടുക്കുമ്പോൾ തന്നെ 10 ശതമാനം അധിക ബിൾഡിങ് സ്ഥലം കൂടി ഉപയോഗിക്കാനാവും എന്ന നിർദേശവും മാസ്റ്റർ പ്ലാനിലുണ്ട്.
റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകൾക്ക് ബിൽഡിങ് റൂളിലുള്ള ഇളവുകളും മാസ്റ്റർ പ്ലാനിന്റെ പ്രത്യേകതകളാണ്. കൂടാതെ നഗരത്തിനകത്തെ സ്ഥലപരിമിതി കണക്കിലെടുത്തുകൊണ്ട് വാണിജ്യ നിർമാണങ്ങൾക്ക് ബിൽഡിങ് റൂളിൽ ഇളവുകളും മാസ്റ്റർ പ്ലാൻ വഴി നഗരത്തിലെ ജനങ്ങൾക്ക് ലഭ്യമാകും. റോഡ് വികസനത്തിന് നിലവിലുള്ള കെട്ടിടങ്ങളെയും ചെറിയ ഗാർഹിക നിർമാണങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള നിയന്ത്രണമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ നെൽ വയൽ-തണ്ണീർത്തട നിയമത്തിലെ ഇളവുകൾ നിലവിലെ മാസ്റ്റർ പ്ലാനിൽ ലഭ്യമായിരുന്നില്ല. 3000 ചതുരശ്ര അടി നെൽവയൽ -തണ്ണീർത്തടങ്ങൾ തരംമാറ്റാൻ അനുവദിക്കുമായിരുന്നെങ്കിലും വിവിധ സോണുകൾ തിരിച്ചുള്ള നിലവിലെ മാസ്റ്റർ പ്ലാനിൽ 2000 സ്ക്വയർ ഫീറ്റ് വീട് മാത്രമേ അനുവാദം ലഭിച്ചിരുന്നുള്ളൂ. ഈ വ്യത്യസ്ത നിയമങ്ങൾ പലപ്പോഴും നിയമനടപടികൾക്ക് ഇടവരുത്തിയിരുന്നു. പുതിയ മാസ്റ്റർ പ്ലാനോടെ ഇവ തണ്ണീർത്തട നിയമത്തിന് അനുയോജ്യമായ രീതിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.