ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിലെ വടക്കേനട പത്തനാപുരം റോഡിൽ ഗായത്രി പുഴക്ക് കുറുകെ താത്കാലിക പാത നിർമാണം അവസാനഘട്ടത്തിൽ. നിലവിലെ ഉയരംകുറഞ്ഞ പഴയപാലം പൊളിച്ച് പുതിയത് നിർമിക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക പാത നിർമാണം. പ്രവൃത്തി പൂർത്തിയാകുന്നതോടെ പഴയപാലം പൊളിച്ചു തുടങ്ങും. 8.82 കോടി ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്.
26 മീറ്റർ നീളം വരുന്ന മൂന്ന് സ്പാനുകളിലായി 78 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലും വെള്ളം കയറാത്ത വിധം ഉയരത്തിലുമായിരിക്കും നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. 18 മാസമാണ് കാലാവധി. പ്രവൃത്തിയെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പത്തനാപുരം, തോണിപ്പാടം ഭാഗത്തേക്കുള്ള ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാണ് താത്കാലിക പാത. വലിയ വാഹനങ്ങൾ വടക്കേനട കഴനിച്ചുങ്കം അത്തിപ്പൊറ്റ വഴി തിരിച്ചു പോകേണ്ടതാണ്. ആലത്തൂരിൽനിന്ന് വെങ്ങന്നൂർ, ആറാപ്പുഴ വഴിയും ചെറിയ വാഹനങ്ങൾക്ക് തോണിപ്പാടത്തേക്ക് സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.