ഒറ്റപ്പാലം: ഒമ്പത് മാസം പിന്നിട്ടിട്ടും സ്ഥിരം സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ അമ്പലപ്പാറ പഞ്ചായത്ത് പ്രവർത്തനം താളം തെറ്റുന്നു. 20 വാർഡുകളുമായി ജില്ലയിലെ താരതമ്യേന വലിയ പഞ്ചായത്തുകളിലൊന്നായിട്ടും അമ്പലപ്പാറയോട് അവഗണയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കടമ്പഴിപ്പുറം പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതലയിൽ വേണം ഇനി അമ്പലപ്പാറ പഞ്ചായത്തിന്റെ കാര്യങ്ങൾ മുന്നോട്ടുപോകാൻ.
മൂന്ന് ദിവസം വീതം കടമ്പഴിപ്പുറം, അമ്പലപ്പാറ പഞ്ചായത്തുകളിൽ ഇദ്ദേഹത്തിന്റെ സേവനം വീതിച്ചു നൽകാനാണ് തീരുമാനം. ഇക്കഴിഞ്ഞ മെയിലാണ് അമ്പലപ്പാറയിലെ സെക്രട്ടറി അവധിയിൽ പോയത്. തുടർന്ന് ജൂനിയർ സൂപ്രണ്ടിനായിരുന്നു ചുമതല. ജൂനിയർ സുപ്രണ്ടിനും കഴിഞ്ഞ ദിവസം സ്ഥലം മാറ്റമുണ്ടായതോടെയാണ് കടമ്പഴിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് അമ്പലപ്പറയുടെ കൂടി അധിക ചുമതല സംബന്ധിച്ച ഉത്തരവുണ്ടായത്.
നേരത്തെ സ്ഥിരം സെക്രട്ടറി നിയമനം സംബന്ധിച്ച് രണ്ടുതവണ ഉത്തരവുകൾ ഉണ്ടായെങ്കിലും ആരും ചുമതലയേൽക്കാൻ തയ്യാറായില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് അദാലത്തിൽ വേങ്ങശ്ശേരി കോരപ്പത്ത് ദേവദാസ് സ്മാരക വായനശാല, പാന്തേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ഭാരവാഹികൾ സ്ഥിരം സെക്രട്ടറിയുടെ നിയമനം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.