ആനക്കര: കാഞ്ഞിരത്താണിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ചു. പാരിക്കുന്നത്ത് ഫൈസലിന്റെ വീട്ടിലാണ് അക്രമം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമികള്‍ വീട്ടിലെത്തി മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിക്കുകയായിരുന്നു. ഉഗ്രമായ പൊട്ടിത്തെറിയിൽ ഭയന്ന വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുമ്പോള്‍ ഫൈസലിന്റെ സഹോദരന് അഷ്റഫിന്റെ കാര്‍ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് തീയും പുകയും ആളി പടരുകയായിരുന്നു. അടുത്തേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
സംഭവ സമയത്ത് പിഞ്ചു കുട്ടികളും പ്രായമായ സ്ത്രീകളുമടക്കം അഞ്ച് പേരും ഉറങ്ങുകയായിരുന്നു. ജനലും മറ്റും കത്തി വീട്ടിനകത്തേക്ക് തീയും പുകയും ആളിപ്പടര്‍ന്നു. സമീപവാസികള്‍ പുറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. ഫൈസലും സഹോദരന് അഷ്റഫും ഒരേവളപ്പില് താമസിക്കുന്നതിനാല്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റു വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. അട്ടുത്തിടെയാണ് അഷ്റഫ് ഈ കാര്‍ വാങ്ങിയത്. ഭീകരാന്തരീക്ഷം പരത്തി നിര്‍ത്തിയിട്ട വാഹനങ്ങളുടെ ടയറില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. നാട്ടുകാരുടെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയങ്കിലും നാട്ടുകാര്‍ തീ കെടുത്തിയിരുന്നു. ഫൈസലും അഷ്റഫും രണ്ട് ദിവസം മുമ്പ് അബ്ദുല്‍ഖാദര്‍ എന്നയാളെ കപ്പൂര്‍ സിറ്റിയില്‍ സംഘര്‍ഷത്തില്‍ പരിക്കേല്പിച്ചെന്ന പരാതിയില്‍ ചാലിശ്ശേരി പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു റിമാന്റ് ചെയ്തിരുന്നു. അതിനിടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സംഭവം ഉണ്ടായത്. ഇതിന് മുമ്പും ഇരു കൂട്ടരും തമ്മിൽ തര്‍ക്കവും മധ്യസ് ഥതയും മറ്റും നടന്നിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി പി.സി. ഹരിദാസ്, ചാലിശ്ശേരി സി.ഐ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വഷണം ഊര്‍ജിതമാക്കി. ഫോറന്‍സിക്, ബോംബുസ്ഫോടന വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിസരപ്രദേശത്ത് ചാലിശ്ശേരി തൃത്താല പൊലീസ് പട്രോളിങ്ങ് ഏര്‍പ്പെടുത്തിയതായി ചാലിശ്ശേരി സി.ഐ സതീഷ് കുമാര്‍ അറിയിച്ചു. ഈസംഭവത്തിന് തലേന്ന് ഇതേവീട്ടില് ബുള്ളറ്റ് കത്തിച്ചുനശിപ്പിച്ച സംഭവം ഉണ്ടായെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.