പാലക്കാട്: നഗരസഭ പുതുപ്പള്ളിത്തെരുവ് അറവുശാല നവീകരണത്തിന് തടസ്സം സംസ്ഥാന സർക്കാറും റവന്യൂ വകുപ്പും. നവീകരണം വൈകാൻ കാരണം റവന്യൂ വകുപ്പ് നിർമാണാനുമതി നൽകാത്തതുകൊണ്ടാണെന്ന് വാർഡ് കൗൺസിലർ എം. സുലൈമാൻ പറഞ്ഞു. നഗരസഭയിലെ 32ാം വാർഡ് പുതുപ്പള്ളിത്തെരുവിലെ അറവുശാലയുടെ നവീകരണം നീണ്ടുപോകുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമായിരിക്കുകയാണ്. 2019-ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാല നിർമിക്കാനായി 11.29 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കെട്ടിടനിർമാണത്തിനുള്ള അനുമതി റവന്യൂ വകുപ്പ് നൽകിയിട്ടില്ല.
അറവുശാലയിൽനിന്നുള്ള മാലിന്യവും ദുർഗന്ധവും കാരണം പരിസരവാസികൾ ദുരിതത്തിലാണ്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അറവുശാല നവീകരണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സമരരംഗത്താണ്. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് ഇതുവരെ കെട്ടിടനിർമ്മാണ അനുമതി ലഭിക്കാതിരിക്കാൻ കാരണം. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്താണ് അറവുശാല. ശ്വാസതടസ്സവും ചർമരോഗങ്ങളും മറ്റ് അസുഖങ്ങളും വർധിച്ചു വരുന്ന അവസ്ഥയിലാണിവിടെ. വർഷക്കാലത്ത് അറവുശാലയിലെ മലിനജലം ഒഴുകിയെത്തുന്നത് തൊട്ടടുത്ത ഇറിഗേഷൻ കനാലിലേക്കാണ്. ദുർഗന്ധം മൂലം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ആയതിനാൽ എത്രയും വേഗം അനുമതി നൽകി നിർമ്മാണം ആരംഭിക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.