പറമ്പിക്കുളം: റേഷൻ കാർഡില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് കലക്ടർ അദാലത്ത് വീണ്ടും നടത്തണമെന്ന് ഊരുവാസികൾ. പറമ്പിക്കുളം, തേക്കടി, മുപ്പത് ഏക്കർ, കച്ചിതോട്, പി.എ.പി, ചുങ്കം, ഒറവൻപാടി, കടവ്, അഞ്ചാം കോളനി എന്നീ ഊരുകളിലാണ് റേഷൻ കാർഡുകളില്ലാത്ത 20ലധികം ആദിവാസി കുടുംബങ്ങളുള്ളത്.
റേഷൻകാർഡ് ലഭിക്കാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവതാളത്തിലാണ്. കലക്ടറുടെ നേതൃത്വത്തിൽ അഞ്ചുമാസങ്ങൾക്കുമുമ്പ് കോളനിവാസികൾക്കായി അദാലത്ത് നടത്തിയിരുന്നെങ്കിലും അദാലത്തിൽ ഉന്നയിച്ച മിക്കകാര്യങ്ങളും നടപ്പാകാൻ അധികൃതർ കഴിഞ്ഞിട്ടില്ല. പട്ടികവർഗ വകുപ്പിലൂടെ നിരവധി സഹായങ്ങൾ പദ്ധതികൾ ഉണ്ടെങ്കിലും ഇവയിലധികവും ഇവർക്ക് കൃത്യസമയങ്ങളിൽ എത്തിച്ചേരുന്നില്ല.
സമയബന്ധിതമായി ഊരുകൂട്ടങ്ങൾ ചേരാത്തതും യോഗങ്ങളിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉൾപ്പെടെ അറിയിക്കാൻ പട്ടികവർഗ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പട്ടികവർഗ വകുപ്പിലൂടെ ഭവനപദ്ധതികൾ മറ്റു പദ്ധതികൾ എല്ലാം മറ്റു കോളനികളിൽ സജീവമായി നടത്തുമ്പോൾ പറമ്പിക്കുളം മേഖലയിലെ കോളനികളെ പട്ടികവർഗ വകുപ്പ് അവഗണിക്കുകയാണ്. പ്രമോട്ടർമാർ കൃത്യമായ വിവരങ്ങൾ വകുപ്പ് അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും പറമ്പിക്കുളത്ത് എത്തി കോളനികൾ വീടുകൾ സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തുവാൻ ഉദ്യോഗസ്ഥർ രംഗത്ത് വരാത്തതും പ്രതിസന്ധിക്ക് വഴിവെച്ചു. സിവിൽ സപ്ലൈസ് അധികൃതർ കലക്ടറുടെ അദാലത്ത് സമയത്ത് പറമ്പിക്കുളത്ത് എത്തി എന്നാണ് ആദിവാസികൾ പറയുന്നത്. എന്നാൽ, ഇവർ ഊരുകളെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് റേഷൻ കാർഡില്ലാത്തവർക്ക് തയാറാക്കി നൽകുന്ന പ്രവർത്തനങ്ങളിൽ ഇതുവരെ കർമനിരതരാകാത്തതാണ്.
നിലവിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമായ ഘട്ടത്തിലും റേഷൻ കാർഡില്ലാത്തതിനാൽ ഉയർന്ന പണം നൽകി വാങ്ങേണ്ട അവസ്ഥയുള്ളത്. പട്ടികവർഗ ജില്ല ഓഫിസറും ജില്ല കലക്ടറും പറമ്പിക്കുളത്തെ കോളനികൾ സന്ദർശിച്ച് അവസ്ഥകൾ മനസ്സിലാക്കി പദ്ധതികൾ വകയിരുത്തുവാനും നടപ്പാക്കുവാനും മുന്നോട്ടുവരണമെന്നാണ് പറമ്പിക്കുളത്തെ വിവിധ കോളനിവാസികളിലെ മൂപ്പൻമാരുടെ ആവശ്യം.
എന്നാൽ, കഴിഞ്ഞ അദാലത്തിന്റെ റിവ്യൂ യോഗം പറമ്പിക്കുളത്ത് വിളിച്ചുചേർക്കുവാൻ കലക്ടറോട് ആവശ്യപ്പെടുമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.