പാലക്കാട്: കാശിയിൽ പാതിയെന്ന കൽപാത്തിയിലുമുണ്ട് കൽപാത്തിയുടെ ചരിത്രം പറയുന്ന കോലെഴുത്ത്. നൂറ്റാണ്ടോളം പഴക്കമുള്ള സംസ്ഥാനത്തെ തന്നെ പ്രധാന അഗ്രഹാര വീഥിയായ കൽപാത്തിയിലെത്തുന്നവർക്ക് ആശ്ചര്യത്തിനൊപ്പം അറിവും പകരുന്നതാണ് ഈ കോലെഴുത്ത്. കൽപാത്തിയിലെ വിശ്വനാഥൻ സ്വാമിക്ഷേത്രത്തിനു മുന്നിലുള്ള നീണ്ടകരിങ്കൽ സ്തൂപത്തിലാണ് ഈ കോലെഴുത്ത് ലിപിയുള്ളത്. 1957 കാലഘട്ടത്തിൽ അന്നത്തെ പുരാവസ്തു വകുപ്പാണ് പ്രത്യേക ഗ്രാഫിക്സിലൂടെ ഈ കോലെഴുത്തിന്റെ സാരാംശം എന്താണെന്ന് മനസ്സിലാക്കിയത്. 1425-26 കാലഘട്ടത്തിൽ ലക്ഷ്മി അമ്മാൾ എന്ന ഒരു ബ്രാഹ്മണ സ്ത്രീ നീണ്ടനാളത്തെ കാശിയാത്ര കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്ന ഒരു ബാണലിംഗം ഇന്നത്തെ കൽപാത്തിപ്പുഴയോരത്ത് പ്രതിഷ്ഠിക്കാൻ അന്നത്തെ പാലക്കാട്ടുശ്ശേരി ശേഖരവർമ രാജാവിനോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സൽസ്വഭാവിയും ഈശ്വരവിശ്വാസിയുമായ രാജാവ് ഈ ബ്രാഹ്മണ സ്ത്രീയുടെ ആഗ്രഹത്തിന് സമ്മതം നൽകുകയായിരുന്നു. ഈ വിവരം തന്റെ വിശ്വസ്തനായ അകത്തേത്തറ വലിയ കോണിക്കിലിടത്തിലെ കാരണവരായ ഇട്ടിക്കോമ്പിയച്ചനെ അറിയിക്കുകയും അവരോട് ഇന്നത്തെ കൽപാത്തി നിലകൊള്ളുന്ന ഭാഗത്ത് ക്ഷേത്രം പണിത് പ്രസ്തുത ബാണലിംഗം യഥാവിധി നിശ്ചിത സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഉത്തരവ് നൽകി. രാജാവിന്റെ ഉത്തരവ് മാനിച്ച് കാര്യസ്ഥനായ ഇട്ടിക്കോമ്പിയച്ചൽ അന്ന് ക്ഷേത്രം പണിത് ബാണലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ഠനായ ശേഖരവർമ രാജാവ് ഇട്ടിക്കോമ്പിയച്ചനെ പ്രസ്തുത ക്ഷേത്രത്തിന്റെ ട്രസ്റ്റിയായി നിയമിക്കുകയും ക്ഷേത്രം മുതൽ ഇന്നത്തെ ശംഖുവാരത്തോടു വരെയുള്ള ഭാഗത്തെ രാജാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ കാര്യസ്ഥന് എഴുതിക്കൊടുക്കാൻ രാജാവ് തീരുമാനിക്കുകയും ചെയ്തു. ചൊക്കനാഥപുരം സുന്ദരശേഖര പെരുമാളിനെയും കല്ലേക്കുളങ്ങര ഏമൂർ ഭഗവതിയെയും സാക്ഷ്യപ്പെടുത്തിയാണ് രാജാവ് മേൽ കൽപന നടത്തിയതെന്നും പ്രസ്തുത ലിപിയിലുണ്ട്. കൽപാത്തിയിൽ രഥോത്സവകാലത്തും അല്ലാതെയുമെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും ചരിത്രവിദ്യാർഥികൾക്കുമെല്ലാം ഏറെ കൗതുകവും അറിവും പകർന്നു നൽകുന്നതിനൊപ്പം കൽപാത്തിയുടെ ചരിത്രത്തിന്റെ നാഴികക്കല്ലുകൂടിയാണ് കോലെഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.