അലനല്ലൂർ: വെള്ളിയാർ പുഴയിൽ കണ്ണംകുണ്ടിൽ പാലം നിർമിക്കാൻ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചതായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയാൽ മാത്രമേ ടെൻഡർ നടപടികൾ ഉണ്ടാവൂ. പാലത്തിനായി കഴിഞ്ഞ രണ്ട് ബജറ്റുകളിൽ അഞ്ചുകോടി രൂപ വീതം മാറ്റിവെച്ചിരുന്നു. എന്നിട്ടും ധനകാര്യ വകുപ്പ് അനുമതി നൽകാൻ കാലതാമസമുണ്ടാവുകയായിരുന്നു.
ഒന്നര പതിറ്റാണ്ട് മുമ്പ് പാലത്തിനായി മൂന്നുകോടി വകയിരുത്തുകയും എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും ചെയ്തെങ്കിലും അപ്രോച്ച് റോഡിനായി സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് ഫണ്ട് പാഴാവുകയായിരുന്നു. നിലവിൽ സ്ഥിതി ചെയ്യുന്ന കണ്ണംകുണ്ട് കോസ് വേയിലൂടെ നിർമിക്കുകയായിരുന്നെങ്കിൽ ഒന്നര പതിറ്റാണ്ട് മുമ്പ് തന്നെ പാലം യാഥാർഥ്യമാകുമായിരുന്നു. രണ്ട് വർഷത്തെ ഗതാഗത തടസ്സമില്ലാതിരിക്കാൻ അൽപം കിഴക്കോട്ട് മാറി പാലം നിർമിക്കാൻ പി.ഡബ്ല്യു.ഡി എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയതാണ് വിനയായത്. പിന്നീട് നിലവിലെ കോസ് വേയുടെ ഭാഗത്തേക്ക് മാറ്റാൻ ആലോചന നടന്നെങ്കിലും സർക്കാർ ചെലവിൽ ഒരു എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയതിനാൽ വീണ്ടും തയാറാക്കുന്നത് അഴിമതിയിൽ വരുന്നതിനാൽ തീരുമാനം ഒഴിവാക്കുകയായിരുന്നു. പിന്നീട് അന്നത്തെ യു.ഡി.എഫ് സർക്കാർ മാറി പിണറായി സർക്കാർ വന്നതോടെ സ്ഥല ഉടമകളുമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തി.
അപ്രോച്ച് റോഡിന് സർക്കാർ പറയുന്ന വിലക്ക് ഭൂമി നൽകാമെന്ന് സ്ഥല ഉടമകൾ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാർ പാലത്തിന് തുക അനുവദിച്ചില്ല. നബാഡുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയിൽ പാലം നിർമിക്കാനുള്ള നടപടിക്രമങ്ങൾ എടുത്തെങ്കിലും പത്ത് കോടിയിൽ താഴെ നബാഡ് പണം നൽകില്ലെന്ന് അറിയിച്ചതോടെ വീണ്ടും തിരിച്ചടിയായി. രണ്ടാം പിണറായി സർക്കാർ ഭരണത്തിൽ ഒരു വർഷം ബജറ്റിൽ അഞ്ച് കോടിയുടെ പ്രവർത്തനം എം.എൽ.എമാർക്ക് തീരുമാനിക്കാനുള്ള അനുവാദം വന്നതോടെ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ രണ്ടുവർഷത്തെ അഞ്ച് കോടി രൂപ കണ്ണംകുണ്ടിൽ പാലം നിർമിക്കുന്നതിന് രേഖാമൂലം എഴുതി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.