അലനല്ലൂർ: കേരളത്തിന്റെ കുഞ്ഞൻ പശുവായ വെച്ചൂർ പശുക്കളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുകയാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം.
കേന്ദ്രത്തിൽ കുഞ്ഞുങ്ങളടക്കം 43 പശുക്കളാണ് ഇപ്പോഴുള്ളത്. 2015 ൽ 15 പശുക്കളുമായാണ് തുടക്കം കുറിച്ചത്. 20 എണ്ണത്തിനെ ഇതിനകം വിറ്റു. പാൽ വിൽക്കാതെ പശുക്കുട്ടികൾക്ക് മാത്രം നൽകുകയാണ് ചെയ്യുന്നതെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. പ്രസാദ് പറഞ്ഞു.
കേരളത്തിന്റെ തനത് വർഗമായ വെച്ചൂർ പശു ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ഇനമാണ്. 1960 മുതൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്രോസ് ബ്രീഡിങ് പദ്ധതി മൂലം ഇവ വംശനാശത്തിന്റെ വക്കിലെത്തിയെങ്കിലും കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സംരക്ഷിക്കാനുള്ള ശ്രമം തുടരുക
യായിരുന്നു. ഇത്തരം പശുക്കൾക്ക് മൂന്നടി അഥവാ 90 സെ. മീറ്റർ താഴെയാണ് ഉയരം. 125 മുതൽ 150 കി.ഗ്രാം തൂക്കമുണ്ടാകാറുണ്ട്. ചുവപ്പ്, ഇളം ചുവപ്പ്, വെള്ള, കറുപ്പ്, ചന്ദനവെള്ള തുടങ്ങിയ നിറങ്ങളിലാണ് ഇവയെ കാണാറുള്ളത്. കൊമ്പുകൾ ചെറുതും മുന്നോട്ട് വളഞ്ഞതുമാണ്. വാൽ നീളമുള്ളതും നിലത്ത് മുട്ടുന്നതുമാണ്. കഴുത്തിന് പിന്നിൽ പൂഞ്ഞ് കാണും. നല്ല പ്രതിരോധ ശേഷിയുണ്ട്. മറ്റ് പശുക്കളെ അപേക്ഷിച്ച് കുറവ് പാലാണുള്ളതെങ്കിലും ഗുണനിലവാരമാണ് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്. കോട്ടയം ജില്ലയിലെ വെച്ചൂർ എന്ന സ്ഥലത്തിന്റെ പേരിലാണ് ഈ നാടൻപശു അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.