പാലക്കാട്: ജില്ല ഭരണകൂടത്തിന് മുന്നിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ. ഭൂമിയും വീടും ആവശ്യപ്പെട്ട് മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി നിരാഹാര സമരം ചെയ്തിരുന്ന ഗോവിന്ദാപുരം അംബേദ്കർ കോളിനിവാസികൾ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഭാഗമായാണ് ശനിയാഴ്ച കലക്ടറേറ്റിലേക്ക് മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. ഗേറ്റിൽ തടഞ്ഞ പൊലീസ് സമരക്കാരെ അറസ്റ്റ് നീക്കി. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
20 സ്ത്രീകൾ, എട്ട് പുരുഷൻമാർ, ഒരുകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞദിവസം കലക്ടറേറ്റിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കലക്ടറേറ്റ് പടിക്കൽ സമരം തുടങ്ങിയത്. കോളനിയിൽ നടത്തിയ ലൈഫ് മിഷൻ സർവേയുടെ പട്ടിക വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നൽകാൻ തയാറായില്ലെന്ന് സമരസമതി നേതാക്കൾ പറഞ്ഞു. സ്ഥലവും വീടും ഇല്ലാത്ത മുതലമട പഞ്ചായത്തിലെ 40 കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ സമരം നടത്തിയത്. അധികൃതർ അനങ്ങാപാറ നയം സ്വീകരിച്ചതോടെ സമരം ജില്ല ഭരണകൂടത്തിന് മുന്നിലേക്ക് മാറ്റിയിരുന്നു. സമരസമിതി നേതാവ് എസ്. ശിവരാജ്, മാരിയപ്പൻ നീലിപ്പാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.