പെരിങ്ങോട്ടുകുറുശ്ശി: പരിശീലകെൻറ പിന്തുണയില്ലാതെ നൈസർഗിക വാസനകൊണ്ട് അനിഷ വരക്കുന്ന ചിത്രങ്ങൾ കാഴ്ചക്കാരെ കൗതുകത്തിലാക്കുന്നു. പെരിങ്ങോട്ടുകുറുശ്ശി നാരങ്ങ പറമ്പിൽ 'അനുഗ്രഹ'യിൽ രാധാകൃഷ്ണൻ -ശശികല ദമ്പതികളുടെ ഏക മകൾ അനിഷയാണ് വർണവൈവിധ്യങ്ങൾ കൊണ്ട് നാടിന് പ്രിയങ്കരിയായത്. ചിത്രങ്ങൾ മാത്രമല്ല ആനപ്പട്ടം നിർമാണത്തിലും ഈ കൊച്ചു മിടുക്കി കഴിവു തെളിയിച്ചിട്ടുണ്ട്. കൈയിൽ ബ്രഷും മഷിയും കിട്ടിയാൽ മതി എവിടെ വേണമെങ്കിലും ചിത്രം വരക്കും. വീട്ടിലെ ഹാളിലും കിടപ്പുമുറിയിലും എന്നു വേണ്ട ചുമരുകളിലടക്കം അനിഷ വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കാണാം.
ചെറുപ്പത്തിൽ ആനപ്പട്ടം കണ്ടപ്പോൾ കൗതുകം തോന്നി വില ചോദിച്ചപ്പോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അന്നു തൊട്ടു തുടങ്ങിയതാണ് ആനപ്പട്ടം സ്വന്തമായി നിർമിക്കണമെന്ന ആഗ്രഹമെന്ന് അനിഷ പറയുന്നു. പരിശ്രമവും ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയും ചേർന്നതോടെ അനിഷ ആനപ്പട്ട നിർമാണത്തിൽ മികവ് തെളിയിച്ചു. കാലിക്കുപ്പികളിൽ അനിഷ വരച്ചെടുത്ത ചിത്രങ്ങളും കാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമെല്ലാം സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നാവുകയാണ്.
അനിഷയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചും ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുത്തും പിതൃസഹോദരൻ ദേവരാജും ഒപ്പമുണ്ട്. വാർഡ് മെംബറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സനുമായ രമണിയും സർവ പിന്തുണയും നൽകുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇത്തിരി വലിയ ചിത്രകാരി ഇപ്പോൾ പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് പ്ലസ് വൺ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.