പാലക്കാട്: സർക്കാർ ആശുപത്രികളിൽ പേവിഷ പ്രതിരോധ സീറം (എ.ആർ.എസ്) ക്ഷാമം രൂക്ഷമായതോടെ മരുന്നിനായി സാധാരണക്കാരുടെ നെട്ടോട്ടം. ജില്ല ആശുപത്രിയിലും മെഡിക്കൽ കോളജിലുമെല്ലാം ആഴ്ചകളായി വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചികിത്സ തേടിയെത്തുന്നവർ സ്വയം പണം കണ്ടെത്തി സീറം വാങ്ങി ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പെടുക്കേണ്ട സ്ഥിതിയാണ്.
ജില്ലയിൽ പേവിഷ പ്രതിരോധ കുത്തിവെപ്പിനുള്ള ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി) ഉണ്ടെങ്കിലും 99 ശതമാനം കേസുകളിലും കടിയേറ്റുള്ള പരിക്ക് ഗുരുതരമായതിനാൽ ആന്റി റാബിസ് സീറം കൂടി കുത്തിവെക്കേണ്ടതുണ്ട്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികൾക്കുള്ള ആന്റി റാബിസ് സീറം വിതരണം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നടപടി വൈകുകയാണ്.
കുത്തിവെപ്പ് ലഭ്യമാക്കിയിരുന്ന സർക്കാർ ആശുപത്രികൾ ഇപ്പോൾ സ്വന്തം വരുമാനത്തിൽനിന്നുള്ള തുകയെടുത്ത് ലോക്കൽ പർച്ചേഴ്സ് വഴിയാണ് സീറം വാങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ തവണ ഈ രീതിയിൽ സീറം ലഭ്യമാക്കാനുള്ള തുക ആശുപത്രികളുടെ കൈവശമില്ല. ഇതിനാൽ ജില്ല ആശുപത്രിയിൽ മരുന്നുവാങ്ങി എത്തിച്ചാൽ അധികൃതർ കുത്തിവെപ്പ് എടുത്തുനൽകും. ഒരു വയ്ൽ എ.ആർ.എസിന് പുറത്ത് ശരാശരി 500 രൂപയാണ് വില. ഈ വിലക്കുള്ള സീറവും പൊതു മരുന്ന് വിപണിയിൽ വേണ്ടത്ര ലഭ്യമല്ലാതായതോടെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലാണ്.
പലരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. അവിടെയും ലോക്കൽ പർച്ചേഴ്സ് വഴിയാണ് സീറം ലഭ്യമാക്കുന്നത്. ഇതുകൊണ്ട് തന്നെ കുത്തിവെപ്പ് ലഭിക്കുമെന്ന് ഉറപ്പില്ല. ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട പ്രശ്നമാണ് സർക്കാർ തലത്തിലുള്ള സീറം ലഭ്യത മുടങ്ങാൻ കാരണം. ഇത് പരിഹരിച്ച് സീറം ലഭ്യമാക്കാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.