ആലത്തൂർ: കൃഷിഭവൻ വിള ആരോഗ്യകേന്ദ്രം കുമ്പളക്കോട് പാടശേഖരത്തിൽ നടത്തിയ സർവേയിൽ രൂക്ഷമായ മുഞ്ഞ ആക്രമണം കണ്ടെത്തി. മുഞ്ഞകൾ ചെടിയുടെ തണ്ടിൽ കൂട്ടം കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുകയും തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിലാവുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ആദ്യം ഒരുഭാഗത്താണ് ആക്രമണം കാണാറ്. പിന്നീട് അത് വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിൽ കൂടി വ്യാപിക്കുന്നു. ചെടികൾ തട്ടിനോക്കിയാൽ തന്നെ മുഞ്ഞകൾ പറക്കുന്നതായി കാണാം. കതിരുവന്ന പാടങ്ങളിൽ മുഞ്ഞകൾ ശല്യമുണ്ടായാൽ വിളവ് തീരെ ലഭിക്കുകയില്ല.
കതിരുവന്ന പാടങ്ങളിൽ ഇപ്പോഴത്തെ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് മുഞ്ഞ പെരുകാൻ സാഹചര്യമൊരുക്കുന്നത്. നെൽപാടങ്ങളിൽ വീര്യം കൂടിയ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മിത്രപ്രാണികൾ കൂട്ടത്തോടെ നശിക്കുന്നതിനാൽ ശത്രുകീടങ്ങൾ അനുകൂലമായ കാലാവസ്ഥയിൽ പെരുകുന്നു. ഒരിടത്തുനിന്ന് ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പറക്കാൻ കഴിവുള്ള കീടങ്ങളാണ് മുഞ്ഞകൾ. കൃഷി വകുപ്പ് ശിപാർശ ചെയ്യാത്ത മാരക കീടനാശിനികളുടെ പ്രയോഗം ഒഴിവാക്കുകയാണ് ഇവയെ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം.
ദിവസവും പാടങ്ങളിൽ ചെന്ന് ചെടികൾ തട്ടി മുഞ്ഞകൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. പാടത്ത് വെള്ളം ഉണ്ടെങ്കിൽ തുറന്നുവിടുക. യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ അമിതമായ പ്രയോഗവും ഒഴിവാക്കണം. ഒരു നുരിയിൽ 25-30 ഓളം മുഞ്ഞകൾ കാണുന്നുവെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും കീടനാശിനികൾ ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ പശ കൂടി ചേർത്തു തളിക്കേണ്ടിവരും: ഇമിഡാക്ലോർപ്രൈഡ് ഏക്കറിന് 100 മില്ലി അല്ലെങ്കിൽ തയോമെതോക്സാം 40 ഗ്രാം, അസിഫെറ്റ് 320 ഗ്രാം, ബുപ്രോഫെസിൻ 320 മില്ലി, പയ്മെട്രോസിൻ 120ഗ്രാം.
കൂടുതൽ വിവരങ്ങൾക്ക് ആലത്തൂർ കൃഷിഭവനിൽ പ്രവർത്തിക്കുന്ന വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണെന്ന് കൃഷി ഓഫിസർ എം.വി. രശ്മി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.