പാലക്കാട്: അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളുമായി ആംബുലൻസിൽ അട്ടപ്പാടി ചുരമിറങ്ങുേമ്പാൾ പരമശിവെൻറ നെഞ്ചിലാധിയാണ്, കുണ്ടും കുഴിയും നിറഞ്ഞ് പേരിൽ മാത്രമുള്ള റോഡിലൂടെ ഒരുജീവൻ രക്ഷിക്കാനായുള്ള മരണപ്പാച്ചിലോർത്ത്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ജനശ്രദ്ധയാകർഷിക്കുേമ്പാൾ പ്രതിസ്ഥാനത്ത് ഒരുപിടി വിഷയങ്ങൾക്കൊപ്പം ഇൗ റോഡുമുണ്ട്. വർഷങ്ങളായി ഇതിങ്ങനെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട്. 'ദിപ്പോ ശരിയാക്കിത്തരാം' എന്ന് വെളുക്കെ ചിരിച്ച് ആശ്വസിപ്പിക്കുന്നവർ മുതൽ സീസണൽ സമരക്കാർ വരെ കളം നിറയുേമ്പാൾ റോഡെന്ന് വരുമെന്ന അട്ടപ്പാടിയുടെ ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല.
പാതിജീവൻ കൊണ്ടെങ്കിലും ആശുപത്രിയിൽ എത്താനായെങ്കിൽ...
അട്ടപ്പാടിയിൽ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഒരു കമ്യൂണിറ്റി ഹെൽത്ത്സെൻററും സ്പെഷാലിറ്റി ആശുപത്രിയും അഞ്ചോളം ആശുപത്രി സംവിധാനങ്ങളുണ്ടെങ്കിലും അടിയന്തര ഘട്ടങ്ങളിൽ ഇപ്പോഴും ചുരമിറങ്ങി മണ്ണാർക്കാട്ടോ പാലക്കാട്ടോ എത്തണം. കുണ്ടും കുഴിയും ചാടിമറിഞ്ഞ് ഇഴഞ്ഞ് ചുരമിറങ്ങുേമ്പാഴേക്കും പലപ്പോഴും രോഗി കൂടുതൽ അവശനിലയിലായിട്ടുണ്ടാകും. റോഡിൽ മിക്കയിടങ്ങളിലും കഴിഞ്ഞ മഴക്കാലത്തും മണ്ണിടിഞ്ഞിരുന്നു. എതിരെ ഒരു വാഹനം വന്നാൽ നിർത്തി കടത്തിവിട്ട ശേഷമേ കടന്നുപോകാനാകൂ. ഇടിഞ്ഞ ഭാഗങ്ങളിൽ മാസങ്ങൾ പിന്നിട്ടിട്ടും വീതി കുറഞ്ഞിടങ്ങളിൽ മണ്ണുനീക്കി വീതി കൂട്ടാൻ നടപടികളായിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ അതിർത്തി കടന്ന് കോയമ്പത്തൂരടക്കമുള്ള സ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഇൗ റോഡിനി എന്നു നന്നാവും?
15 വർഷം മുമ്പ് ജോസ് ബേബി മണ്ണാർക്കാട് എം.എൽ.എ ആയിരുന്ന കാലത്ത് മണ്ണാർക്കാട്- ചിന്നത്തടാകം റോഡ് റബറൈസ്ഡ് ചെയ്ത് പുതുക്കിപ്പണിതിരുന്നുവെങ്കിലും പലയിടങ്ങളിലും മരങ്ങൾ മുറിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വനം വകുപ്പ് നിലപാട് കടുപ്പിച്ചത് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾക്ക് തിരിച്ചടിയായി.അതിനുശേഷം ഇങ്ങോട്ട് ഇൗ റോഡിനോട് ആർക്കോ പ്രതികാരമുള്ളത് പോലായിരുന്നു കാര്യങ്ങൾ. കാര്യമായ അറ്റകുറ്റപ്പണികൾ പോലും മുടങ്ങിയതോടെ റോഡ് പലയിടത്തും തോടായി.
അട്ടപ്പാടിചുരം അടക്കമുള്ള മണ്ണാർക്കാട്-ചിന്നത്തടാകം അന്തർ സംസ്ഥാന പാതയുടെ നിർമാണം 2017ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്. 53 കിലോമീറ്റർ വരുന്ന റോഡിന് 80 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, പദ്ധതി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും പണി തുടങ്ങാനായിട്ടില്ല.
പദ്ധതി പ്രഖ്യാപിച്ച ശേഷമുണ്ടായ രണ്ട് പ്രളയവും റോഡിനെ കൂടുതൽ അപകടത്തിലാക്കി. തുടർന്നുണ്ടായ വർഷങ്ങളിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ ആഴ്ചകളോളം ഗതാഗതം തടസ്സപ്പെടുകയും അട്ടപ്പാടി ഒറ്റപ്പെടുകയും ചെയ്തു.
ഇക്കുറിയും കനത്ത മഴയെത്തുടർന്ന് മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും ഗതാഗതം പലതവണ തടസ്സപ്പെട്ടിരുന്നു. വലിയ തോതിൽ മണ്ണിടിച്ചിലുള്ള ഭാഗത്ത് ഗാബിയോൺ സംരക്ഷണഭിത്തിയും കൂടുതൽ പൊളിഞ്ഞുപോയ ഭാഗത്ത് കോൺക്രീറ്റ് ചെയ്തതൊഴിച്ച് കാര്യമായ ഒരു പ്രവർത്തനവും ചുരംറോഡിൽ പദ്ധതി പ്രഖ്യാപിച്ചശേഷം നടത്തിയിട്ടില്ല. കഴിഞ്ഞ വർഷവും റീടാറിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്താതെ കുഴിയടക്കൽ മാത്രമാണ് ചെയ്തത്. ഇതിനിടെ ചുരം കഴിഞ്ഞ് മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള റോഡും തകർന്നു.
പദ്ധതിയുണ്ട് പ്രവർത്തനമില്ല
നെല്ലിപ്പുഴയിൽനിന്ന് തുടങ്ങി സംസ്ഥാന അതിർത്തിയായ ആനക്കട്ടി വരെ മൂന്നുഘട്ടങ്ങളായാണ് റോഡ് പ്രവൃത്തികൾ വിഭാവനം ചെയ്തത്. ഇതിനായി നെല്ലിപ്പുഴ മുതൽ ആനമൂളിവരെയും ചുരമുൾപ്പെടുന്ന ആനമൂളി മുതൽ കൽക്കണ്ടിവരെയും കൽക്കണ്ടി മുതൽ ആനക്കട്ടി വരെയും മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിരുന്നു. ഒന്നാം ഭാഗത്തിെൻറ പദ്ധതിരേഖ പൊതുമരാമത്ത് വകുപ്പ് കിഫ്ബിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. എന്നാൽ, ഇതിനിടെ പദ്ധതി വൈകുന്നതിനെതിരെ ജനകീയ സമരങ്ങളുൾപ്പെടെ നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതിയുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.