പാലക്കാട്: 'നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സഞ്ചികൾ കോവിഡ് കാലത്ത് തിരിച്ചുവരുന്നതാണ് കണ്ടത്. ആദ്യഘട്ടത്തിൽ വീടുകളിലും മറ്റും സാധനങ്ങൾ എത്തിക്കുേമ്പാൾ തുണിസഞ്ചി ഉപയോഗിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ഇത്തരത്തിലുള്ള സഞ്ചികളുടെ സമാഹരണവും വിതരണവും വെല്ലുവിളിയാവുന്നതാണ് കണ്ടത്. പിന്നീട് പതിവുപോലെ പ്ലാസ്റ്റിക് സഞ്ചികളിലേക്ക് ആളുകൾ നീങ്ങി. എല്ലാം ഒന്നേന്ന് തുടങ്ങുേമ്പാൾ പ്ലാസ്റ്റിക് നിയന്ത്രണവും അങ്ങനെ തന്നെയാവേണ്ടി വരും. പ്ലാസ്റ്റിക് ഒക്കെ കേടല്ലേ?' പാലക്കാട് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ വല്യങ്ങാടിയിൽ പലചരക്ക് വ്യാപാരിയായ രാജൻ തുടർന്നു. കോവിഡ് അടച്ചിട്ട വിപണി പഴയ താളം വീണ്ടെടുക്കുേമ്പാൾ പ്ലാസ്റ്റിക് സഞ്ചികളടക്കമുള്ളവയുടെ നിരോധനം വീണ്ടും കർശനമാക്കാനൊരുങ്ങുകയാണ് ജില്ല.
നിരോധിതൻ വീണ്ടും...
2020 ജനുവരി ഒന്നുമുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ജില്ലയിൽ കാര്യങ്ങളൊക്കെ പഴയപടിയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന മന്ദഗതിയിലായതോടെ പ്ലാസ്റ്റിക് സഞ്ചികൾ വീണ്ടും മാലിന്യക്കൂമ്പാരങ്ങളിലെ പ്രധാനിയായിത്തുടങ്ങി. പച്ചക്കറി മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ മാർക്കറ്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് പ്ലാസ്റ്റിക് കാരി ബാഗുകൾ കൂടുതലായി ഉപയോഗിക്കുന്നത്. നിരോധനത്തിെൻറ ആദ്യകാലത്ത് കുടുംബശ്രീ മുതൽ ചെറുകിട വ്യവസായ യൂനിറ്റുകൾ വരെ തുണിസഞ്ചി നിർമാണത്തിനും വിതരണത്തിനും സജീവമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ലോക്ഡൗണും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഒപ്പം പ്രവർത്തന പരിമിതിയും പ്രവർത്തനങ്ങൾ പരിമിതമാക്കുന്നതാണ് പിന്നീട് കണ്ടത്.
ബ്രാൻഡായാലെന്താ?
പ്ലാസ്റ്റിക് നിരോധനം പൗരത്വ ബില്ലുേപാലെയായെന്ന് നഗരത്തിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അക്ബറിെൻറ കമൻറ്. നിരോധനം വീണ്ടും കർശനമാക്കുന്നത് നല്ലതാണെന്നും സംഗതി പ്രകൃതി സൗഹൃദ നിലപാടാണെന്നും ചൂണ്ടിക്കാണിക്കുന്ന അക്ബർ പക്ഷേ, നിയമത്തിൽ ചിലർക്ക് മാത്രം ഇളവ് നൽകിയത് ശരിയായില്ലെന്ന പക്ഷക്കാരനാണ്. പാൽ കവറുകളടക്കം തിരിച്ചെടുക്കുമെന്ന് പറയുന്നതിലെന്താണ് യുക്തിയെന്നും ഇത് എത്രത്തോളം പ്രായോഗികമാണെന്ന് ഒരുവർഷം പിന്നിട്ടിട്ടും വ്യക്തതയില്ലെന്നും അക്ബർ ചൂണ്ടിക്കാണിക്കുന്നു. മദ്യക്കുപ്പികളടക്കമുള്ളവ മിക്കയിടത്തും വലിച്ചെറിയപ്പെടുകയാണ്. മിൽമയും ബിവറേജസ് കോർപറേഷനുമടക്കം ഇളവ് ലഭിച്ച സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാര്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അക്ബർ ചോദിക്കുന്നു.
പരിസ്ഥിതി സ്നേഹികൾ ഹാപ്പിയാണ്, പക്ഷേ...
പകുതിയിൽ പാളിയ നിരോധനം വീണ്ടും കടുപ്പിക്കുന്നതും വടിയെടുക്കുന്നതും എന്തുകൊണ്ടും നല്ലതാണെന്നാണ് പരിസ്ഥിതി സ്നേഹികളുടെ പ്രതികരണം. എന്നാൽ, നിരോധനം സംബന്ധിച്ച് വ്യാപാരികളടക്കം പൊതുജനങ്ങളെ ബോധവത്കരിക്കാനും കർശനമായി നിയമം നടപ്പാക്കാനും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ലെങ്കിൽ സംഗതി പാളുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ജൈവ വസ്തുക്കളിൽനിന്ന് നിർമിക്കുന്ന ബയോബാഗുകൾ ഉപയോഗിക്കാമെങ്കിലും ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക്കിന് പകരമെത്തിച്ച നോൺ വൂവൺ കാരി ബാഗുകൾ കാഴ്ചയിൽ തുണിയെന്നു തോന്നുമെങ്കിലും മണ്ണിൽ ലയിക്കാത്ത ഇവ അപകടകാരിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് -നഗരസഭ സെക്രട്ടറിമാർ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘങ്ങൾ രൂപവത്കരിച്ച് ഇതിനിടെ തന്നെ പരിശോധന ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാനും ബോധവത്കരണം തുടരാനുമാണ് അധികൃതരുടെ തീരുമാനം.
പിഴശിക്ഷ ഇങ്ങനെ
ആദ്യം നിയമം ലംഘിച്ചാൽ -10,000 രൂപ
തുടർന്നും ആവർത്തിച്ചാൽ -25,000 രൂപ
മൂന്നാമതും തുടർന്നാൽ -50,000 രൂപ
പിന്നീട് സ്ഥാപനത്തിന് നിരോധനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.