പാലക്കാട്: കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചെങ്കിലും എല്ലാ വഴികളും തുറന്നിടുന്നതായിരുന്നു വാർത്തസമ്മേളനത്തിലെ അദ്ദേഹത്തിെൻറ വാക്കുകൾ. അവസാനംവരെ സസ്പെൻസ് നിലനിർത്തിയാണ് േഗാപിനാഥ് വാർത്തസമ്മേളനത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കാനുള്ള തീരുമാനം അറിയിച്ചത്. പുനഃസംഘടനയിൽ തന്നെ തഴഞ്ഞ, കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറയാതെയായിരുന്നു രാജിപ്രഖ്യാപനം.
കോൺഗ്രസിെൻറ മുന്നോട്ടുള്ള യാത്രക്ക് താൻ ഒരു തടസ്സമാണെന്ന് തോന്നുന്നതിനാലാണ് രാജിവെക്കുന്നതെന്നാണ് ഗോപിനാഥ് പറഞ്ഞത്. പിണറായി വിജയനെ അളവിലധികം പുകഴ്ത്തിയെങ്കിലും ഭാവി രാഷ്ട്രീയ നീക്കം എന്തെന്ന് അദ്ദേഹം സൂചന നൽകിയില്ല. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളോട് അയിത്തമില്ലെന്ന് പറഞ്ഞുവെക്കുക മാത്രമാണ് ചെയ്തത്. അതേസമയം, രാജി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാൻ അദ്ദേഹം തയാറായില്ല.
കെ. സുധാകരനെയും ഉമ്മൻ ചാണ്ടിയെയും 'താൻ മനസ്സിൽ ആരാധിക്കുന്ന നേതാക്കൾ' എന്നാണ് ഗോപിനാഥ് വിശേഷിപ്പിച്ചത്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് ക്ഷീണം തട്ടുന്ന യാതൊന്നും താൻ ചെയ്യില്ല. അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ഹൈകമാൻഡ് തീരുമാനം ശരിയാണെന്നും ഏതു തീരുമാനവും അംഗീകരിക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിെൻറ ഒരു സ്ഥാനവും ആവശ്യമില്ലെന്നും സ്വീകരിക്കുകയുമില്ലെന്നും രാജി സമ്മർദ തന്ത്രമല്ലെന്നും ഗോപിനാഥ് പറഞ്ഞെങ്കിലും നേതൃത്വവുമായി അനുരഞ്ജന സാധ്യത തുറന്നിടുന്നതായിരുന്നു അദ്ദേഹത്തിെൻറ അളന്നുമുറിച്ച ഒാരോ വാക്കുകളും.
പ്രതീക്ഷക്കനുസരിച്ച് നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ല എന്നു മാത്രമാണ് ഗോപിനാഥ്, കോൺഗ്രസ് നേതൃത്വത്തിനുേനരെ പരോക്ഷമായി ഉന്നയിച്ച വിമർശനം. ഡി.സി.സി അധ്യക്ഷ പദവി ലഭിക്കാത്തതിലുള്ള പരിഭവമാണ് ഗോപിനാഥിെൻറ രാജിക്ക് പിന്നിലെങ്കിലും ജില്ല കോൺഗ്രസിലെ എതിരാളികളെന്ന് കരുതുന്ന ആർക്കെതിരെയും അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയം. വി.കെ. ശ്രീകണ്ഠനെ പ്രശംസിക്കുകയാണ് ചെയ്തത്. എ.കെ. ബാലനുമായുള്ളത് വ്യക്തിബന്ധം മാത്രമാണെന്നും സി.പി.എമ്മുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഗോപിനാഥ് പറയുന്നു. രാജി പ്രഖ്യാപിച്ച ശേഷവും അനുരജ്ഞന നീക്കവുമായി കെ.പി.സി.സി പ്രസിഡൻറും ഡി.സി.സിയും രംഗത്തുവന്നത് േഗാപിനാഥിനെ അനുനയിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ്. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഗോപിനാഥിൽ തനിക്ക് വിശ്വാസമുണ്ടെന്നും വളരെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉള്ളതെന്നും കെ. സുധാകരൻ പ്രതികരിച്ചു.
വി.കെ. ശ്രീകണ്ഠൻ എം.പിയും േഗാപിനാഥുമായി ചർച്ചക്ക് സന്നദ്ധത അറിയിച്ചു. പെരിങ്ങോട്ടുകുറുശ്ശിയിലും പരിസര പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനവും അദ്ദേഹം വിട്ടുപോകുന്നത് പാർട്ടിക്ക് ഉണ്ടാക്കുന്ന പ്രതിസന്ധിയും കോൺഗ്രസ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. പാലക്കാട് നിയമസഭ മണ്ഡലത്തിലും ഗോപിനാഥിന് വേരുകളുണ്ട്.
അതേസമയം, ഗോപിനാഥിേൻറത് വിലപേശൽ തന്ത്രമാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കളും ജില്ലയിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് േഗാപിനാഥ് പയറ്റിയതെന്നും ഡി.സി.സി അധ്യക്ഷ സ്ഥാനവും പല തവണ നിയമസഭ സീറ്റുകളും അദ്ദേഹത്തിന് നൽകിയതാണെന്നും സ്ഥാനമാനത്തിനായി പാർട്ടിയെ വെല്ലുവിളിക്കുന്ന ശൈലി അംഗീകരിക്കാനാവില്ലെന്നും ഇൗ വിഭാഗം പറയുന്നു.
അതേസമയം, എ.വി. ഗോപിനാഥിനെ ഇടതു പാളയത്തിലെത്തിക്കാൻ സി.പി.എം നേതൃത്വം അണിയറയിൽ നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിക്കാൻ അദ്ദേഹത്തിന് സി.പി.എമ്മിൽനിന്ന് ക്ഷണം ഉണ്ടായിരുന്നു. വിശ്വാസ്യതയുള്ള നേതാവാണ് ഗോപിനാഥ് എന്നും അദ്ദേഹം കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നും നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എ.കെ. ബാലൻ പറഞ്ഞിരുന്നു.
തിങ്കളാഴ്ച ഗോപിനാഥിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് സി.പി.എം ജില്ല കമ്മിറ്റി വാർത്തക്കുറിപ്പുമിറക്കി. എല്ലാ മതനിരപക്ഷേ ജനാധിപത്യ വാദികളും ഒന്നിച്ചണിനിരക്കണമെന്നും അതിന് സഹായകരമായ തീരുമാനം എ.വി. ഗോപിനാഥ് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജി പഞ്ചായത്ത് ഭരണത്തെ തൽക്കാലം ബാധിക്കില്ല
പെരിങ്ങോട്ടുകുറുശ്ശി: പതിറ്റാണ്ടുകളോളം പെരിങ്ങോട്ടുകുറുശ്ശിയിൽ കോൺഗ്രസിെൻറ നെടുംതൂണായി നിലകൊണ്ട എ.വി. ഗോപിനാഥ് പാർട്ടിയിൽനിന്ന് രാജിെവച്ചങ്കിലും തൽക്കാലം ഗ്രാമപഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. കോൺഗ്രസ് ഒറ്റക്ക് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശിയിൽ എ.വി. ഗോപിനാഥ് ഉൾപ്പെടെ 11 കോൺഗ്രസ് അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് അഞ്ച് സി.പി.എം അംഗങ്ങളും.
താനടക്കം 11 പഞ്ചായത്തംഗങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പഞ്ചായത്ത് ഭരണം വിടുന്ന പ്രശ്നമില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു. ഭരണഘടനപരമായ തടസ്സങ്ങളില്ലെങ്കിൽ ഭരണസമിതി അഞ്ച് വർഷം പൂർത്തിയാക്കുമെന്നും രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിനാഥാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹം പറയുന്നത് അനുസരിച്ച് മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരനും വൈസ് പ്രസിഡൻറ് ഇ.പി. പൗലോസും വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള നടപടികളിലേക്ക് കോൺഗ്രസ് നീങ്ങിയാൽ അത് നിയമപോരാട്ടത്തിന് വഴിതുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.