വാളയാർ: ചന്ദ്രനഗർ സഹകരണ സൊസൈറ്റിയുടെ ലോക്കർ തകർത്ത് സ്വർണവും പണവും മോഷ്ടിച്ച കേസിന് തുമ്പുണ്ടാക്കാൻ പൊലീസിെൻറ കഠിന ശ്രമം. പൊലീസിന് നാണക്കേട് ഉണ്ടാക്കുന്നതാണ് നഗരമധ്യത്തിൽ, ദേശീയപാതയോരത്ത് നടന്ന ബാങ്ക് കവർച്ച. ആസൂത്രിതമായും അതിവിദഗ്ധമായുമാണ് കവർച്ച നടത്തിയത്. ദിവസങ്ങളോളമുള്ള ആസൂത്രണം ഇതിന് പിന്നിലുള്ളതായി പൊലീസ് കരുതുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ മോഷണം നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആയതിനാൽ മോഷണ വിവരം അറിയാൻ രണ്ടു ദിവസം കഴിയുമെന്നും അപ്പോഴേക്കും സുരക്ഷിത സ്ഥാനത്ത് എത്താമെന്നും സംഘം കണക്കുകൂട്ടി. വൈദ്യുതി ബന്ധം വിഛേദിച്ച്, ഇരുട്ടിലാക്കിയാണ് എൻ.എച്ച് ബൈപ്പാസിന് അഭിമുഖമായുള്ള കെട്ടിടത്തിൽ മോഷണം നടത്തിയത്.
സി.സി.ടി.വിയുടെ ഡി.വി.ആർ അഴിച്ചെടുത്തുകൊണ്ടുപോയതിനാൽ ആ ദൃശ്യങ്ങളും പൊലീസിന് ലഭിക്കാതെയായി. താഴത്തെ നിലയിലുള്ള വ്യാപാര സ്ഥാപനത്തിൽ സി.സി.ടി.വി. ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല.
ഹൈഡ്രോളിക് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ ഉപേയാഗിച്ചാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിെൻറ ഒന്നാംവാതിലിെൻറ പൂട്ട് തകർത്തത് ഡ്രിൽ ഉപയോഗിച്ചാെണന്നാണ് സൂചന. രണ്ടാം വാതിലിെൻറ അഴിയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റുകയായിരുന്നു.
മോഷണ സംഘത്തിെൻറ കൈവശമുള്ള ഉപകരണങ്ങളൊന്നും അവിടെ ഉപേക്ഷിക്കാതെയാണ് കടന്നുകളഞ്ഞത്. കാര്യമായ തുമ്പുകളൊന്നും ലഭിക്കാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ച് അന്വേഷണം മുന്നോട്ടുനീക്കാനാണ് തീരുമാനം. മൊബൈൽ ഫോറൻസിക് യൂണിറ്റും കസബ പൊലീസും തിങ്കളാഴ്ച പകൽ മുഴുവൻ സഹകരണസംഘം ഒാഫിസ് കേന്ദ്രീകരിച്ച് വിരലടയാള ശേഖരണം അടക്കം തെളിവു ശേഖരണത്തിന് നേതൃത്വം നൽകി. ദേശീയ പാതയിലെ കാമറകൾ പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ജില്ലയിൽ ബാങ്ക് കവർച്ച 14 വർഷത്തിനുശേഷം
പാലക്കാട്: ജില്ലയിലെ ഏറ്റവും വലിയ ബാങ്ക് കവർച്ച 14 വർഷം മുമ്പ് മുണ്ടൂർ എഴക്കാട് ഉണ്ടായതായിരുന്നു. കാഞ്ഞിക്കുളം സർവിസ് സഹകരണ ബാങ്കിെൻറ എഴക്കാട് ശാഖയിലാണ് 2007 ഫെബ്രുവരി 22ന് നാടിനെ ഞെട്ടിച്ച വൻ ബാങ്ക് കവർച്ച അരങ്ങേറിയത്. നാല് കോടി രൂപയുടെ സ്വർണവും 2.5 ലക്ഷം രൂപയുമാണ് കവർച്ചക്കാർ അപഹരിച്ചത്. വാച്ച്മാെൻറ കൈകാലുകൾ കെട്ടി പുതപ്പിട്ടു മൂടിയായിരുന്നു ഇൗ കവർച്ച. തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ തിരുട്ടു ഗ്രാമക്കാരായിരുന്നു കവർച്ചക്ക് പിന്നിൽ. പൊലീസ് ഏതാനും ആഴ്ചകൾക്കകം പ്രതികളെ വലയിലാക്കി. ആ വർഷം തന്നെ കുലുക്കിലിയാട് സർവിസ് സഹകരണ ബാങ്കിൽ പട്ടാപകൽ ജീവനക്കാരെ തോക്ക് ചൂണ്ടി സ്വർണവും പണവും കവർന്ന സംഭവവും ഉണ്ടായി.
ഇൗ കേസിലും പ്രതികൾ പിടിയിലായി. ഇൗ സംഭവങ്ങൾക്കുശേഷം ഇതാദ്യമായാണ് കഴിഞ്ഞ ദിവസം, പാലക്കാട് ചന്ദ്രനഗറിലെ സഹകരണ സൊസൈറ്റിയുടെ ലോക്കർ തകർത്ത് ഏഴ് കിലോ സ്വർണവും പണവും കവർന്ന സംഭവം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.