പാലക്കാട്: ജൂൺ എട്ടിന് കാണാതായ ആളുടെ മൃതദേഹം ഒരു മാസം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ കിടന്നത് പൊലീസ് അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ. മരിച്ച് ഒരു മാസത്തിനു ശേഷമാണ് ജില്ല ആശുപത്രി മോർച്ചറിയിൽനിന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പാലക്കാട് നടുവക്കാട്ടുപാളയം സ്വദേശി ടി. ലക്ഷ്മണനാണ് (51) ചികിത്സയിലിരിക്കെ ജില്ല ആശുപത്രിയിൽ മരിച്ചത്.
ജൂൺ എട്ടിനാണ് ഇദ്ദേഹത്തെ കാണാതായത്. പത്തിന് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം അബോധാവസ്ഥയിൽ കണ്ട ലക്ഷ്മണനെ പൊലീസ് നിർദേശിച്ചതനുസരിച്ച് 108 ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നു. ആ സമയത്ത് ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
കാണാനില്ലെന്ന് ജൂൺ 11ന് സഹോദരങ്ങൾ പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ജൂലൈ 20നാണ് ലക്ഷ്മണൻ മരിച്ച വിവരം ടൗൺ നോർത്ത് പൊലീസ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് ഇവരെത്തി തിരിച്ചറിഞ്ഞു.
ചികിത്സയിലിരിക്കെ ജൂൺ 16ന് ഉച്ചക്ക് 1.50നാണ് ലക്ഷ്മണൻ മരിക്കുന്നത്. അപ്പോഴും വിലാസം വ്യക്തമായിരുന്നില്ല. വിവരം ജില്ല ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതായി രേഖകളിലുണ്ട്. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിലൂടെയും ബന്ധുക്കൾ സ്വന്തം നിലക്കും അന്വേഷണം നടത്തിയിരുന്നു.
ടൗൺ നോർത്ത് പൊലീസ് ലക്ഷ്മണൻ താമസിച്ചിരുന്ന സഹോദരങ്ങളുടെ വീട്ടിലെത്തി വിവരങ്ങളും ആരാഞ്ഞിരുന്നു. ഇടക്ക് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ജില്ല ആശുപത്രിയിലെത്തി ചില മൃതദേഹങ്ങൾ പരിശോധിച്ചു. കൂലിപ്പണിക്കും മറ്റും പോകുന്ന ലക്ഷ്മണൻ സഹോദരങ്ങൾക്കൊപ്പമാണ് താമസം. അവിവാഹിതനാണ്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
പാലക്കാട്: മൃതദേഹം ഒരു മാസം മോർച്ചറിയിൽ കിടന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ടൗൺ നോർത്ത് പൊലീസ് എസ്.ഐ രാജേഷ്. പരാതി ലഭിച്ച അന്നുതന്നെ എഫ്.ഐ.ആർ തയാറാക്കി അന്നത്തെ എസ്.ഐ അരിസ്റ്റോട്ടിൽ അന്വേഷണം ആരംഭിച്ചിരുന്നു. തിരിച്ചറിയാനായി ലക്ഷ്മണന്റെ വളരെ പഴയ ഫോട്ടോയാണ് ലഭിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലക്ഷ്മണന്റെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അജ്ഞാതനായാണ് രേഖകളിൽ രേഖപ്പെടുത്തിയിരുന്നത്. അതിനാൽ, മരണശേഷം അനാഥാലയങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പിന്നീട് ഓട്ടോ സ്റ്റാൻഡുകളും മറ്റും കേന്ദ്രീകരിച്ചുള്ള തുടരന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാനായത്. ലക്ഷ്മണന്റെ ഒരു ബന്ധു മോർച്ചറിയിൽ ജോലിചെയ്യുന്നുണ്ട്. എന്നിട്ടും, തിരിച്ചറിയാനായില്ലെന്നത് പൊലീസിന്റെ വീഴ്ചയായി കാണാനാകില്ലെന്നും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.