ഗോവിന്ദാപുരം: പൊങ്കലിനെ വരവേൽക്കാൻ തയാറെടുത്ത് അതിർത്തി ഗ്രാമങ്ങൾ. ജില്ലയിൽ അട്ടപ്പാടി ആനക്കട്ടി മുതൽ മുതലമട ചെമ്മണാമ്പതി വരെയുള്ള തമിഴ് കുടുംബങ്ങളാണ് പൊങ്കൽ ഉത്സവത്തിന് ഒരുങ്ങുന്നത്. കോവിഡ് കാലത്തെ മൂന്നാമത്തെ പൊങ്കലാണെങ്കിലും വാക്സിൻ സ്വീകരിച്ചതിന്റെ ധൈര്യത്തിലാണ് ജനങ്ങൾ. അതിർത്തി ഗ്രാമങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ കിഴക്കൻ മേഖലയിലെ പുതുശേരി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നെല്ലേപ്പിള്ളി, മുതലമട, പെരുമാട്ടി, പടഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ തമിഴ് കുടുംബങ്ങൾ തിങ്ങിക്കഴിയുന്ന ഗ്രാമങ്ങളിൽ വ്യാഴാഴ്ച പോഗി പൊങ്കലോടെയാണ് ആഘോഷങ്ങൾ സജീവമായത്.
തമിഴ് ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമായ പൊങ്കലിന്റെ ഭാഗമായി വീടുകൾ അലങ്കരിച്ച്, പശുത്തൊഴുത്ത്, കളപ്പുരകൾ എന്നിവ നിറങ്ങൾ പൂശി ഭംഗിയാക്കി. പഴയതെല്ലാം നശിപ്പിച്ച് വീടുകളിൽ പുതിയതായി വാങ്ങി ശേഖരിക്കുന്ന പോഗി പൊങ്കലാണ് ആദ്യം നടന്നത്.
കാപ്പുകെട്ടലോടെ ആരംഭിച്ച പൊങ്കൽ ഉത്സവത്തിൽ വെള്ളിയാഴ്ച തൈപ്പൊങ്കൽ ആഘോഷിക്കും. ശനിയാഴ്ച മാട്ടുപ്പൊങ്കൽ, ഞായറാഴ്ച പൂപ്പൊങ്കൽ ആഘോഷിക്കും. കർഷകരാണ് മാട്ട് പൊങ്കൽ മികച്ച രീതിയിൽ നടത്തുന്നത്.
കാലാവസ്ഥയും വിളയും നല്ല രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ നടക്കണമെന്ന പ്രാർഥനയിലൂടെയാണ് പ്രകൃതിയുമായി മനുഷ്യരുടെ ബന്ധം ഊട്ടിയുറപ്പിക്കലിന്റെ പൊങ്കൽ ആഘോഷം നടത്തി വരുന്നതെന്ന് ഗോവിന്ദാപുരത്തെ കാരണവൻമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.