14 പേർക്ക് സസ്പെൻഷൻ കോഴയിൽ മുഖം നഷ്ടപ്പെട്ട് എക്സൈസ്

പാലക്കാട്: എക്‌സൈസ് ഡിവിഷൻ ഓഫിസിൽ നടന്ന വിജിലൻസ് റെയ്ഡിൽ പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്ത സംഭവത്തിൽ 14 പേരെ സസ്പെൻഡ് ചെയ്തതോടെ മുഖം നഷ്ടപ്പെട്ട് ജില്ലയിലെ എക്സൈസ്. കഴിഞ്ഞ 16ന് നടത്തിയ റെയ്‌ഡിൽ 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. നവംബർ അഞ്ചിന് എക്സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ‌ കണക്കിൽപെടാത്ത 82,170 രൂപയും പിടികൂടിയിരുന്നു. കള്ള് ചെത്താനുള്ള പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കള്ളുവ്യവസായികളിൽനിന്ന് വാങ്ങിയ തുകയാണ് ഇതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.

16ന് പിടികൂടിയ പണം വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യാൻ കരുതിയിരുന്ന കൈക്കൂലിയായി ലഭിച്ച തുകയാണ്. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാന്‍ എത്തിച്ച പണമായിരുന്നു ഇത്. കഴിഞ്ഞ ജൂണിലാണ് അണയക്കപാറയിലെ സ്പിരിറ്റ് ചേർത്ത കള്ള് നിർമാണകേന്ദ്രത്തിൽ സംസ്ഥാന എൻഫോഴ്സ്മെന്‍റ് നേരിട്ടെത്തി റെയ്ഡ് നടത്തിയത്. ജില്ലയിലെ ഒരുവിഭാഗം എക്സൈസ് ജീവനക്കാർക്ക് സ്പിരിറ്റ് ലോബികളുമായി അടുത്തബന്ധം ഉണ്ടെന്ന ആരോപണത്തെത്തുടർന്നാണ് സംസ്ഥാന എൻഫോഴ്സ്മെന്‍റ് നേരിട്ടെത്തി റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് 13 ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു.

തുടർച്ചയായി ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കം നിരവധിപേർ കൈക്കൂലി കേസുകളിൽ കുടുങ്ങുന്നത് പതിവായതോടെ അബ്കാരി മേഖലയിലെ ചിലരുമായി ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്താവുന്നത്. സംഭവം ഒതുക്കിത്തീർക്കാൻ ഭരണകക്ഷിയിലെ സർവിസ് സംഘടനകൾ ശ്രമിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചു. ലഹരിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ദിവസേന എക്സൈസ് പിടികൂടുന്നുണ്ടെങ്കിലും സ്പിരിറ്റ് കടത്തും കള്ളുവ്യവസായവുമടക്കം പ്രധാന കേസുകൾ കണ്ടെത്തുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുന്നതായാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ആറോളം പ്രധാന സ്പിരിറ്റ്, വ്യാജ കള്ള് കേസുകളാണ് ലോക്കൽ എക്സൈസിനെ ഒഴിവാക്കി എക്സൈസ് ഇന്‍റലിജൻസടക്കമുള്ളവർ പിടികൂടിയത്. എന്നാൽ, 16ന് വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യാനെത്തിച്ച തുകയിൽ എക്സൈസ് ഇന്‍റലിജൻസിലെ ചിലർക്കുള്ള വിഹിതവുമുണ്ടായിരുന്നതായി വിവരമുണ്ട്.

Tags:    
News Summary - Bribery: In excise Suspension for 14 persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.