പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള സംസ്ഥാന ബജറ്റിനെ കാർഷിക ജില്ല ഉറ്റുനോക്കുന്നത് ഏറെ പ്രതീക്ഷയോടെ. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച റോഡ്, പാലം, കെട്ടിടം എന്നിവയിൽ പലതും പ്രവൃത്തി ആരംഭിക്കുകയോ, പൂർത്തീകരിക്കുകയോ ചെയ്തെങ്കിലും കാർഷിക -വ്യാവസായിക മേഖലയെ താങ്ങിനിർത്താനാവശ്യമായ പദ്ധതികൾ എങ്ങുമെത്തിയിട്ടില്ല.
ജില്ലയിലെ നെൽകർഷകർ ഇപ്പോഴും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ താങ്ങുവില യഥാസമയം കിട്ടാതെ ദുരിതത്തിലാണ്. കിലോക്ക് 28.20 രൂപ നൽകിയാണ് സപ്ലൈകോ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. കേന്ദ്രത്തിന്റെ അടിസ്ഥാന താങ്ങുവിലയും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിലയും ചേർത്താണ് ഈ തുക നൽകുന്നത്. എന്നാൽ കേന്ദ്രം താങ്ങുവില ഉയർത്തുന്ന സമയത്ത് സംസ്ഥാനം പ്രോത്സാഹന വിലയിൽ കുറവ് വരുത്തുന്നത് നിർത്തണമെന്നാണ് കർഷകരുടെ ആവശ്യം.
സംസ്ഥാനത്ത് ഏറ്റവുമധികം നെൽവിത്ത് ഉണ്ടാക്കുന്നത് ജില്ലയിലാണ്. വിത്തുകർഷകരുടെ പരാധീനതക്കും പരിഹാരമായിട്ടില്ല. ആലത്തൂരിലെ അരിമില്ല് തുറന്നുപ്രവർത്തിപ്പിക്കാൻ ഇനിയും നടപടിയില്ല. കണ്ണമ്പ്രയിലെ ആധുനിക റൈസ് പാർക്കും എങ്ങുമെത്തിയില്ല. നെൽകൃഷിക്ക് പിറകെ ജില്ലയിലെ കേരകർഷകരും പ്രതിസന്ധിയിലാണ്.
ജില്ലയിൽ 60.83 ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. നെല്ല് കഴിഞ്ഞാൽ തെങ്ങാണ് രണ്ടാം സ്ഥാനം കൈയടക്കിയിട്ടുള്ളത്. നേരത്തെ കൃഷിഭവനിലൂടെ കേരഫെഡ് നാളികേരം സംഭരിച്ചത് രണ്ടുവർഷം മുമ്പ് അവസാനിപ്പിച്ചു. പകരം നാഫെഡിനെ സംഭരണം ഏൽപിച്ചെങ്കിലും കാര്യക്ഷമമല്ല. ബജറ്റിൽ കേരകർഷകരെ കൈവിടില്ലെന്നാണ് പ്രതീക്ഷ. വ്യാവസായിക മേഖലയായ കഞ്ചിക്കോടിന്റെ വികസനവും പ്രതീക്ഷയിലാണ്. കഞ്ചിക്കോട് വ്യാവസായിക ഇടനാഴിയിലേക്ക് കൂടുതൽ വ്യവസായങ്ങൾ എത്തിക്കുന്നതിനും ജില്ല കാതോർക്കുന്നു.
പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയിൽ ബോട്ടിലിങ് പ്ലാന്റ്, വാളയാർ മലബാർ സിമന്റ്സ്, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപുലീകരണവും ജില്ല പ്രതിക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.