പുതുനഗരം: കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാത്തതിനാൽ വിദ്യാർഥികൾ മഴ നനഞ്ഞ് ബസ് കയറേണ്ട അവസ്ഥക്ക് ഇത്തവണയും മാറ്റമില്ല. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട് തുടങ്ങിയ ടൗണുകളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇതുവരെയും സ്ഥാപിക്കാത്തത്. മൂന്നിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വേണമെന്ന ആവശ്യത്തിന് പത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്.
കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും വളരെ ചെറുതും വൃത്തിഹീനവുമാണ്. സ്കൂളിന്റെ മുന്നിലുള്ള റോഡിന്റെ മറുവശത്തുള്ള ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ല. ഈ പ്രദേശത്ത് ബസ് സ്റ്റാൻഡ് നിർമിച്ചതിനാലാണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാത്തത് എന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, ബസുകൾ പോകാത്തതിനാൽ ബസ് സ്റ്റാൻഡും ഉപയോഗശൂന്യമായി കിടക്കുകയാണ്. പുതുനഗരം ടൗണിൽ ചിറ്റൂർ റോഡിൽ മാത്രമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. കൊല്ലങ്കോട് റോഡിലും കൊടുവായൂർ റോഡിലും പാലക്കാട് റോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ 3000ത്തിലധികം വരുന്ന വിദ്യാർഥികൾ മഴയും വെയിലും കൊണ്ടാണ് ബസ് കാത്തുനിൽക്കുന്നത്. കൊല്ലങ്കോട് ടൗണിൽ പാലക്കാട് റോഡിൽ മാത്രമാണ് സ്വകാര്യ വ്യക്തിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്ളത്.
ഗോവിന്ദാപുരം റോഡിലും തൃശ്ശൂർ റോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല. ഈ പ്രദേശത്ത് നൂറുകണക്കിന് വിദ്യാർഥികളാണ് മഴയും വെയിലും കൊണ്ട് ബസ് കാത്തുനിൽക്കുന്ന അവസ്ഥ ഉള്ളത്. മിക്കപ്പോഴും ബ്ലോക്ക് ഓഫിസ് റോഡരികിൽ 500ലധികം വിദ്യാർഥികൾ വരെ ബസ് കാത്തുനിൽക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാവാറുണ്ട്. നാട്ടുകാർ ഇടപെട്ടാണ് മിക്കപ്പോഴും ഗതാഗതം നിയന്ത്രിക്കാറ്. ഇടുങ്ങിയ റോഡിന് പുറമെ പുതിയ കെട്ടിടങ്ങൾ റോഡിൽനിന്നും മൂന്നു മീറ്റർ മാറി നിർമിക്കാത്തതിനാൽ സ്ഥലലഭ്യതയും പ്രശ്നമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരം അനധികൃത കെട്ടിടങ്ങൾ ഉയരാൻ വഴിയൊരുക്കിയത്. എം.പി, എം.എൽ.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് വിനിയോഗിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.