നെന്മാറ: കോൺഗ്രസിന്റെ പതാക കെട്ടിയ നെന്മാറ ടൗണിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസ് സി.പി.ഐ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു. രാവിലെ പത്തരയോടെ ജില്ല നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് ഓഫിസ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം കെട്ടിടത്തിലും കൊടിമരത്തിലും സ്ഥാപിച്ച കോൺഗ്രസ് പതാക അഴിച്ചുമാറ്റി സി.പി.ഐ പതാക സ്ഥാപിച്ചു.
കഴിഞ്ഞദിവസം സി.പി.ഐ ലോക്കൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും പ്രവർത്തകരെയും ബലംപ്രയോഗിച്ച് ഓഫിസിൽനിന്ന് പുറത്താക്കിയ ശേഷമാണ് മുൻ മണ്ഡലം സെക്രട്ടറിയായ എം.ആർ. നാരായണനും സംഘവും കെട്ടിടത്തിലും കൊടിമരത്തിലും കോൺഗ്രസ് പതാക സ്ഥാപിച്ചത്. നാരായണന്റെ ഉടമസ്ഥതയിലാണ് പാർട്ടി ഓഫിസ്. തരംതാഴ്ത്തിയതിനെ തുടർന്ന് നാരായണൻ കോൺഗ്രസിലേക്ക് പോകാൻ തീരുമാനിച്ചതാണ് ഓഫിസ് പിടിച്ചെടുക്കാൻ ഇടയായത്.
ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് കെട്ടിടത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ 10.30ഓടെ സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജിന്റെ നേതൃത്വത്തിൽ, അയിലൂർ, നെന്മാറ, നെല്ലിയാമ്പതി, എലവഞ്ചേരി, ഭാഗങ്ങളിലെ പ്രവർത്തകരും എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി എന്നിവരടങ്ങുന്ന വൻസംഘം പ്രകടനമായി എത്തിയാണ് ഓഫിസ് തുറന്നത്.
ചുമരിൽ സി.പി.ഐ നെന്മാറ ലോക്കൽ കമ്മിറ്റി ഓഫിസ് എന്ന് എഴുതുകയും ഓഫിസിന് മുന്നിൽ പൊതുയോഗം ചേരുകയും ചെയ്തു. തുടർന്ന് ഓഫിസിൽ യോഗവും ചേർന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ നെന്മാറ, നെല്ലിയാമ്പതി പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചു.
പാലക്കാട് ആർ.ഡി.ഒ ഇരുവിഭാഗക്കാരെയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി.
യോഗത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുമലത മോഹൻദാസ്, ഒ.കെ. സെയ്തലവി, ജില്ല നിർവാഹ കമ്മിറ്റി അംഗങ്ങളായ എൻ.ജി. മുരളീധരൻ നായർ, കെ. രാജൻ, ജില്ല കമ്മിറ്റി അംഗം പി. രാമദാസ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ഷാജഹാൻ, പ്രസിഡന്റ് നൗഷാദ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി ഷിനാസ്, മണ്ഡലം സെക്രട്ടറി വി. കൃഷ്ണൻകുട്ടി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ. ചന്ദ്രൻ, പി.സി. മണികണ്ഠൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.