പാലക്കാട്: സ്വാഭാവികമായും കൽപാത്തി തേരുമായി ബന്ധപ്പെട്ട് തീയതി മാറ്റിയത് എല്ലാവർക്കും സന്തോഷവും ആശ്വാസവും തരുന്ന തീരുമാനമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് തീയതി വന്നപ്പോൾ തന്നെ യു.ഡി.എഫ് ആവശ്യപ്പെട്ടതാണ് ഇത്. പ്രതിപക്ഷ നേതാവ് കത്തുനൽകുക വരെയുണ്ടായി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിൽ ഗുരുതര അനാസ്ഥ ഉണ്ടായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ല ഭരണകൂടത്തിനും വീഴ്ച സംഭവിച്ചു. ബി.ജെ.പിയും സി.പി.എമ്മും തീയതി മാറ്റണമെന്ന് കത്ത് നൽകിയത് പ്രഹസനം മാത്രമാണെന്നും പറഞ്ഞു.
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നീട്ടിയത് വൈകിയെങ്കിലും നല്ല തീരുമാനമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ. തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എൽ.ഡി.എഫ് നേരത്തെ ആവശ്യപ്പെട്ടതാണ്. ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും പ്രതികരിച്ചു.
പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസം നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. ഇതുസംബന്ധിച്ച് കമീഷന് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ജില്ല ഭരണകൂടം നല്കിയ റിപ്പോര്‍ട്ട് മറിച്ചായിരുന്നു.
ഒന്നാംതേര് ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അസൗകര്യമില്ലെന്നും മൂന്നാം തേരിനാണ് പ്രാധാന്യമെന്നുമായിരുന്നു അവര്‍ വിശദീകരിച്ചത്. എന്നാല്‍ ഈ വിശദീകരണത്തിന് പിന്നില്‍ ഇരുമുന്നണികളുടെയും ഗൂഢാലോചനയുണ്ടെന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി വോട്ട് പോള്‍ ചെയ്യാതിരിക്കുവാനായി ജില്ലാഭരണകൂടവും ഇരുമുന്നണികളും ചേര്‍ന്നുനടത്തിയ ഗൂഢാലോചനയാണ് ഒന്നാംതേര് ദിവസംതന്നെ വോട്ടെടുപ്പ് നടത്താമെന്ന കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നില്‍. എന്നാല്‍, ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തീയതി 20ലേക്ക് മാറ്റിയതെന്നും പറഞ്ഞു.
പാലക്കാട്: കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഒരു നാടിന്റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്.
വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി രഥോത്സവവും ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിക്കേണ്ടതായിരുന്നെന്നും കെ. സുധാകരൻ പറഞ്ഞു.
പാലക്കാട്: തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ കേരള ബ്രാഹ്മണ സഭ സ്വാഗതം ചെയ്യുന്നതായി മുൻ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ. ഈ തീരുമാനം നേരത്തെ വന്നിരുന്നെങ്കിൽ രഥോത്സവത്തിനു വരുന്ന വോട്ട് ഉള്ളവർക്ക് സഹായകമായേനെ. ഇപ്പോൾ തേര് കഴിഞ്ഞ് പിറ്റേന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 20 വരെ തീയതി മാറ്റി വോട്ടിനായി യാത്ര മാറ്റി വീണ്ടും ടിക്കറ്റിന്റെ ലഭ്യത ആശ്രയിച്ച് മാത്രമേ ഇവിടെ നിൽക്കാൻ പറ്റുകയുള്ളൂ.
റെയിൽവേ ഇത് പരിഗണിച്ച് 21ന് മുംബൈക്കും ചെന്നൈക്കും ബംഗളൂരുവിനും പ്രത്യേക ട്രെയ്ൻ ഓടിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജറോടും പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജരോടും അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടികളും ഇതിന് സഹായിക്കണമെന്നും അല്ലാത്തപക്ഷം പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകുമെന്നും രാമൻ പറഞ്ഞു.
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.എം. ഹരിദാസ് സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസംതന്നെ ഒന്നാംതേര് ദിവസമായ 13ന് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ബി.ജെ.പി ചൂണ്ടിക്കാണിച്ചിരുന്നു.
അതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 15നുതന്നെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ഉചിതമായ നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.