പറമ്പിക്കുളം: കലക്ടറുടെ മുന്നിൽ പരാതികളുടെ കെട്ടഴിച്ച് ആദിവാസി കൾ. കുടിവെള്ളം ഇല്ലാത്തതും വൈദ്യുതിയെത്താത്തതുമാണ് പ്രധാന വിഷയമായത്. വിവിധ കോളനികളിൽ ജല അതോറിറ്റി കുടിവെള്ളത്തിന് കുഴൽ കിണറുകൾ കുഴിച്ചും വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് തേക്കടി മൂപ്പൻ രാമൻകുട്ടി പറഞ്ഞു. സോളാർ വൈദ്യുതി തകരാറിലായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച സോളാർ പാനലുകൾ മിക്കവയും തകരാറിലാണ്. രാത്രി ഏഴരക്കകം കോളനിയിലെ സോളാർ വൈദ്യുതി വിളക്കുകൾ കണ്ണടക്കും. പരാതി നൽകിയും പരിഹാരമില്ലെന്ന് കോളനി മൂപ്പൻമാർ പറഞ്ഞു. ഒറവൻ പാടിയിൽ കമ്യൂണിറ്റി ഹാൾ, അംഗൻവാടി, കുടിവെള്ളം, സോളാർ വേലി എന്നിവ വേണമെന്ന് കോളനി മൂപ്പൻ അയ്യപ്പൻ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ പണികൾ ലഭിക്കുന്നില്ല, വനം വകുപ്പിന്റെ ജോലി ലഭിക്കുന്നില്ല എന്നിവയും ഊരിലെ അമ്മമാർ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തേക്കടി കോളനിയിൽ പരാതികൾ കേൾക്കാനായി എത്തുന്നത് ആദ്യമാണെന്ന് കോളനിവാസികൾ പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ്, വരുമാനം, ഭൂമിയുടെ രേഖ എന്നിവ പരിഹരിക്കാനുള്ള അപേക്ഷകൾ യോഗത്തിൽ സ്വീകരിച്ചത് കോളനിവാസികൾക്ക് സഹായകമായി. മൂന്നുമാസത്തിൽ ഒരു തവണയെങ്കിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കോളനിവാസികളെ സന്ദർശിച്ചാൽ നിരവധി പരാതികൾ പരിഹരിക്കാനാകുമെന്ന് ആദിവാസികൾ പറഞ്ഞു. പരാതി പരിഹരിക്കാൻ എപ്പോഴും ഊരുവാസികൾക്കൊപ്പം വിവിധ വകുപ്പുകൾ ഉണ്ടാകുമെന്ന് കലക്ടർ ഡോ. എസ്. ചിത്ര മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.