കൊല്ലങ്കോട്: റീസർവേയിൽ കൃത്രിമം നടത്തി കുളങ്ങൾ നികത്തലെന്ന് പരാതി. വടവന്നൂർ, കൊല്ലങ്കോട്, മുതലമട, കൊടുവായൂർ, എലവഞ്ചേരി, പുതുനഗരം പഞ്ചായത്തുകളിലാണ് വില്ലേജ് റീസർവേകളിൽ കൃത്രിമം നടത്തി കുളങ്ങൾ, പാടങ്ങൾ എന്നിവ പറമ്പുകളാക്കി നികത്തുന്നത്. കൊല്ലങ്കോട് പയ്യല്ലൂരിൽ കവിളക്കോട്ടിലെ എല്ലാക്കാലവും വെള്ളം നിൽക്കുന്ന പാടവും വടവന്നൂർ ഊട്ടറ തിയറ്ററിനടുത്തുള്ള കുളവുമാണ് നികത്തുന്നത്.
മറ്റു പഞ്ചായത്തുകളിലും മഴക്കുമുമ്പ് നികത്തൽ വ്യാപകമാണ്. പയ്യല്ലൂരിൽ നികത്തുന്നത് പറമ്പാണെന്നാണ് വില്ലേജ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഊട്ടറയിൽ നികത്തുന്ന പൊട്ടക്കുളം പറമ്പാണെന്നാണ് അധികൃതരുടെ ഭാഷ്യം. നാല് പതിറ്റാണ്ടിലധികമായി വെള്ളം നിറഞ്ഞുനിന്ന പ്രദേശങ്ങളാണ് രാഷ്ട്രീയ പിന്തുണയോടെ നികത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാർ പാലക്കാട് ആർ.ഡി.ഒക്ക് പരാതി നൽകി. എന്നാൽ ചിറ്റൂർ തഹസിൽദാർക്ക് അന്വേഷണം നടത്താനാവശ്യപ്പെട്ട് പരാതി നൽകിയതായി ആർ.ഡി.ഒ അമൃതവല്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.