കല്ലടിക്കോട്: കാൽനൂറ്റാണ്ട് കാലം മണ്ണടിഞ്ഞ് തൂർന്ന് നശിച്ച കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് കണക്കമ്പാടം കുളം നവീകരിച്ചെങ്കിലും പരിരക്ഷയും പരിപാലനവുമില്ലാതെ വീണ്ടും നാശത്തിന്റെ വക്കിൽ. നാടും നഗരവും കുടിനീരിന് നെട്ടോടമോടുന്ന കാലത്ത് ശുദ്ധജല സ്രോതസ്സിന് ആവശ്യമായ പരിഗണന ലഭിക്കാത്തതിനാൽ മാലിന്യം തള്ളാനുള്ള കുപ്പത്തൊട്ടിയായി മാറി കുളം.
കൂടാതെ കല്ലടിക്കോട് ദീപകവലയിലും പരിസര പ്രദേശങ്ങളിലുമുള്ള അഴുക്ക് കലർന്ന മഴവെള്ളം ഒഴുകിയെത്തുന്നത് കാരണം മലിനീകരണ ഭീഷണി നേരിടുകയാണ്.
ജില്ലയിലെ വരൾച്ച നിവാരണ ഫണ്ട് ഉപയോഗിച്ച് ഒരു വർഷം മുമ്പാണ് കണക്കമ്പാടം കുളം പുനരുദ്ധാരണ പ്രവൃത്തി നടത്തിയത്. 20,25,000 രൂപ ഫണ്ട് അനുവദിച്ചതിൽ 9,67,212 രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. ജനകീയ സമിതിയുടെ കീഴിൽ കുളത്തിന്റെ ആഴം വർധിപ്പിച്ചു. പാർശ്വഭിത്തിയും പാരപ്പറ്റും മൺ ബണ്ടും നിർമിച്ചു. മണ്ണ് പര്യവേഷണ - മണ്ണ് സംരംക്ഷണ വകുപ്പ് മുഖേനയാണ് കുളനവീകരണ പദ്ധതി നടപ്പാക്കിയത്.
കരിമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയും ജലസമൃദ്ധിയുമുള്ളതാണ് ഈ കുളം. എന്നാൽ, നവീകരണശേഷം പരിപാലനമില്ലാത്തതിനാൽ ചെളിയും പായലും നിറഞ്ഞ അവസ്ഥയിലാണ്. മഴ പെയ്താൽ ഒഴുകിവരുന്ന പാഴ്വസ്തുക്കളും പരിസര മലിനീകരണവും കുളത്തിന്റെ നിലനിൽപ്പ് പോലും അവതാളത്തിലാക്കി. കല്ലടിക്കോട് സെന്ററിൽനിന്ന് ഡ്രൈനേജ് വെള്ളം ഒഴുകി വരുന്നത് ഈ കുളത്തിലേക്കാണ്.
അശാസ്ത്രീയ മലിനജല ഒഴുക്ക് കുളത്തിലെ പ്രകൃതിജന്യമായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്നു. കുളത്തിന്റെ പരിസരങ്ങളിൽ ഖരമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും തള്ളുന്ന പ്രവണത പതിവാണ്. ജനോപകാരപ്രദമായ രീതിയിൽ മത്സ്യം വളർത്തൽ കൃഷിക്ക് ഉപയുക്തമാക്കാനും കുളത്തിന്റെ ശുദ്ധി നിലനിർത്താനും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. കുളക്കരയിൽ ഉദ്യാനം ഏർപ്പെടുത്തണമെന്ന നിർദേശവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.