കാഞ്ഞിരപ്പുഴ: സി.പി.എം കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പി.കെ. ശശി പക്ഷത്തിന് മുൻതൂക്കം. ഔദ്യോഗിക പക്ഷത്തിന് വൻ തിരിച്ചടി. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഔദ്യോഗിക പക്ഷത്തിന്റെ അമരക്കാരൻ കെ. പ്രദീപ് സെക്രട്ടറി സ്ഥാനത്തേക്ക് നിസാർ മുഹമ്മദിന്റെ പേര് നിർദേശിച്ചിരുന്നു.
നിലവിലെ സെക്രട്ടറി ലിലീപ് കുമാർ നിർദേശിച്ച അരുൺ ഓലിക്കലും ഔദ്യോഗിക പക്ഷത്തിന്റെ പ്രതിനിധിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനസ്വാധീനമുള്ള വ്യക്തികൾ പാർട്ടി നയിക്കണമെന്ന് ഔദ്യോഗിക പക്ഷം അഭിപ്രായ പ്രകടനം നടത്തിയതോടെ ഇരുവിഭാഗങ്ങളും വാഗ്വാദം നടത്തി. ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ 9-4 ഭൂരിപക്ഷത്തിൽ അരുൺ ഓലിക്കലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വെറും രണ്ട് വർഷം മാത്രം പ്രവർത്തന പരിചയമുള്ളയാളാണ് പാർട്ടി നേതൃനിരയിലേക്ക് കടന്ന് വന്നതെന്ന നിലപാട് ഔദ്യോഗിക വിഭാഗവും പി.കെ. ശശി പക്ഷവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ആക്കം കൂട്ടി.
നിലവിലുള്ള സാഹചര്യം കാഞ്ഞിരപ്പുഴയിൽ സി.പി.എമ്മിനെ ദുർബലപ്പെടുത്തുമെന്നാണ് പാർട്ടി അണികൾ പറയുന്നത്. അതേസമയം, നേതൃത്വം മാറിയെന്ന് കരുതി പാർട്ടി ലൈനിൽനിന്ന് വ്യതിചലിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു.വർഷങ്ങളായി സി.പി.എം ലോക്കൽ കമ്മിറ്റിയിൽ വനിതകൾക്ക് അർഹമായ പരിഗണന നൽകാറുണ്ട്. ഇത്തവണ ഇക്കാര്യം നേടിയെടുക്കാനും വാക്കേറ്റവും തർക്കവും വേണ്ടിവന്നു. കഴിഞ്ഞ ദിവസം നടന്ന കല്ലംമല ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചിരുന്നു.
സി.പി.എമ്മിന് പ്രാമുഖ്യമുള്ള കോങ്ങാട് നിയമസഭ മണ്ഡലത്തിലെ പ്രധാന ഗ്രാമപഞ്ചായത്താണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്. സി.പി.ഐക്ക് വിട്ട് നൽകിയ സിറ്റിങ് സീറ്റിലാണ് എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടത്. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നി പാർട്ടികൾ ഒരേ പ്ലാറ്റ്ഫോമിൽ അണിനിരന്ന സാഹചര്യത്തിൽ പാർട്ടിയിലെ നേതൃമാറ്റത്തെ മറയാക്കി കലഹിക്കേണ്ട സമയമല്ലെന്ന് ഇരുവിഭാഗങ്ങൾക്കും ജില്ല നേതൃത്വം മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.