ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ചളവറ പാലാട്ടുപടി പ്രദേശത്തുണ്ടായ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ഇവിടെ പത്തോളം വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. 15ലധികം വൈദ്യുത പോസ്റ്റുകൾ പൊട്ടിവിണു. കാറ്റിൽ വീടുകളുടെ ഓടുകൾ പാറി.
അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കരിമ്പനത്തോട്ടത്തിൽ മധുവിന്റെ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരം പൊട്ടിവീണ് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്റെ സ്കൂട്ടർ തകർന്നു. ഒറ്റപ്പാലം തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. തിങ്കളാഴ്ച വൈകീട്ടോടെ മുടങ്ങിയ ചെർപ്പുളശ്ശേരി-ചളവറ റൂട്ടിലുള്ള ഗതാഗതം ചൊവ്വാഴ്ച വൈകീട്ടോടെയാണ് പുനഃസ്ഥാപിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തൂത-മുണ്ടൂർ സംസ്ഥാനപാതയിൽ കാറൽമണ്ണ പെട്രോൾ പമ്പിന് സമീപത്തെ കുറ്റൻ മരം റോഡിലേക്ക് വീണു. രണ്ടുമണിക്കൂർ ഗതാഗതം മുടങ്ങി.
ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡിൽ നെല്ലായ കൃഷ്ണപ്പടിയിൽ റോഡരികിലെ മരം പൊട്ടി വിണു. ചെർപ്പുളശ്ശേരി-പട്ടാമ്പി, കൊപ്പം ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങി. മാരായമംഗലം-പുറമത്ര-ചെമ്മൻകുഴി പ്രദേശങ്ങളിലും മരങ്ങൾ വ്യാപകമായി പൊട്ടിവീണു. പോസ്റ്റുകൾ പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം പൂർണമായും മുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പലയിടങ്ങളിലും വിതരണം പുനഃസ്ഥാപിക്കാനായത്.
ഷൊർണൂർ: ചളവറ പാലാട്ട് പടിയിലും ഒരു കിലോമീറ്റർ പ്രദേശത്തും മാത്രം വീശിയടിച്ച മിന്നൽ ചുഴലിയിൽ ആളപായമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം. 15 വീടുകൾക്ക് മരങ്ങൾ മുറിഞ്ഞും കടപുഴകിയും വീണ് കേടുകൾ പറ്റി. റോഡരികിലും മറ്റും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്കും ബൈക്കുകൾക്കും മരങ്ങൾ വീണ് കേടുപറ്റി. ഇവിടെയുള്ള അംഗൻവാടിയിൽ യോഗം നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് മിന്നൽ ചുഴലി സംഹാര താണ്ഡവമാടിയത്. മൂന്ന് മിനിറ്റോളമാണ് ഈ പ്രതിഭാസം ഉണ്ടായത്.
ചിറവരമ്പത്ത് ശാന്ത, പള്ളത്ത് വനജ, ഇഞ്ചിപറമ്പ് വാസു, പാലാട്ട് പറമ്പ് വിജയൻ എന്നിവരുടെ വീടുകൾക്കാണ് സാരമായി കേടുപറ്റിയത്. നിരവധി വീടുകളുടെ ഓടുകൾ പാറിപ്പോയി. പാലാട്ട് പാലസിന്റെ മുകളിലേക്ക് തെങ്ങുകളടക്കം വീണു. വനംവകുപ്പ് അധീന പ്രദേശത്തെ നിരവധി തേക്കുകളടക്കമുള്ള മരങ്ങൾ വീണു. റോഡിലേക്ക് മരങ്ങൾ വീണതിനാൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.നിരവധി റബർ മരങ്ങളും വാഴ, കവുങ്ങ്, തെങ്ങ് അടക്കം വീണ് നശിച്ചു. 10 വൈദ്യുതി തൂണുകൾ പൊട്ടിവീണു.
മംഗലംഡാം: മംഗലം അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ പെയ്ത കനത്തമഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 75.55 മീറ്ററാണ്. അണക്കെട്ടുമായി ബന്ധപ്പെട്ട ഓറഞ്ച് അലർട്ട് ജലനിരപ്പിൽനിന്ന് 0.96 മീറ്റർ മാത്രം താഴെയാണ്. നിലവിൽ മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നീരൊഴുക്ക് വർധിക്കും. മേഖലയിൽ കനത്ത മഴ തുടർന്നാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജലസേചന വിഭാഗം മംഗലം ഡാം അസി. എൻജിനീയർ അറിയിച്ചു. കാലവർഷം തുടങ്ങിയ ശേഷം മംഗലം ഡാമിന്റെ ജലനിരപ്പ് ഉയരുന്നത് ഇപ്പോൾ മാത്രമാണ്. കഴിഞ്ഞവർഷം ജൂലൈ ഏഴിന് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരുന്നു.
പട്ടാമ്പി: കനത്ത മഴയിൽ കുലുക്കല്ലൂർ വില്ലേജിൽ വ്യാപകനാശം. മരങ്ങൾ കടപുഴകി വീടുകൾ തകർന്നു.കുലുക്കല്ലൂർ വട്ടംതൊടി റംലയുടെ വീടിന്റെ മുകളിലേക്ക് പുളിമരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. മപ്പാട്ടുകര തച്ചറുതൊടി മൂസയുടെ വീടിന്റെ മേൽക്കൂര കവുങ്ങ് വീണ് ഭാഗികമായി തകർന്നു. മാരായമംഗലം സൗത്ത് വടക്കേക്കര പുത്തൻ വീട് മോഹൻ
ദാസിന്റെ വീടിനുമേൽ വേങ്ങ വീണ് മേൽക്കൂരക്കും ചുവരിനും കേടുപാടുകൾ പറ്റി.കുലുക്കല്ലൂർ ജയറാമിന്റെ വീടിനും മരംവീണ് നാശനഷ്ടമുണ്ടായി. കുലുക്കല്ലൂർ ചേർക്കുന്നത്ത് ഹംസയുടെ വീടിന്റെ കാർപോർച്ച് തേക്ക് കടപുഴകി ഭാഗികമായി തകർന്നു. പരുതൂർ പുല്ലയിൽ ഗോപിനാഥന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
കോട്ടായി: കോട്ടായി മേഖലയിൽ പരക്കെ നാശം. വൈദ്യുതി ലൈനിനുമുകളിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സപ്പെട്ടു. അയ്യങ്കുളം, വലിയപറമ്പ് മേഖല ഒരുദിവസം മുഴുവൻ ഇരുട്ടിലായി. അയ്യംകുളത്ത് എച്ച്.ടി വൈദ്യുതി ലൈനിനു മുകളിൽ മരം വീണതാണ് വൈദ്യുതി വിതരണം നിലക്കാൻ കാരണം. തിങ്കളാഴ്ച വൈകീട്ടാണ് വൈദ്യുതി വിതരണം അവതാളത്തിലായത്. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് പുനഃസ്ഥാപിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.