പാലക്കാട്: നഗരത്തിലെ നടപ്പാതകളിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം, ശ്രദ്ധയൊന്ന് പാളിയാൽ താഴെ അഴുക്കുചാലിലേക്ക് വീഴും. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും മൂടാത്ത അഴുക്കുചാലുകളും മിക്കയിടത്തും കാണാം.
സുൽത്താൻപേട്ട സ്റ്റേഡിയം റോഡിലെ നടപ്പാതയിൽ സ്ലാബുകളില്ലാതായിട്ട് മാസങ്ങളായി. ഇടക്കാലത്ത് സ്ലാബ് സ്ഥാപിച്ചെങ്കിലും വീണ്ടും പഴയപടിയായി. സ്റ്റേഡിയം റോഡിലെ ഒരുവശത്തെ നടപ്പാതയിൽ രണ്ട് സ്ലാബുകൾക്കിടയിലുള്ള ഒരെണ്ണം ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വീഴും.
നേരത്തെ ഈ ഭാഗത്ത് ഉണ്ടായിരുന്ന സ്ലാബിന് അടിയിൽ ഒരു മരപ്പലക താങ്ങ് കൊടുത്തിരുന്നു. സുൽത്താൻപേട്ട സ്റ്റേഡിയം റോഡിൽ വെള്ളൻതെരുവിലേക്ക് തിരിയുന്നിടത്ത് പെട്ടിക്കടക്ക് മുന്നിലാണ് മാസങ്ങളായി കാൽനടയാത്രക്കാർക്ക് അപകടക്കെണിയുള്ളത്. റോബിൻസൺ റോഡ്, ഇംഗ്ലീഷ് ചർച്ച് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, സ്റ്റേഡിയം-കൽമണ്ഡപം റോഡ് എന്നിവിടങ്ങളിലെല്ലാം നടപ്പാതകളിൽ കാൽനടയാത്രക്കാർക്ക് അപകടക്കെണി രൂപപ്പെട്ടിട്ടുണ്ട്.
ജി.ബി റോഡിൽ നടപ്പാത വീതികൂട്ടി നവീകരിക്കുമ്പോഴും മറ്റിടങ്ങളിൽ നവീകരണം നടത്തി ടൈലുകൾ പാകി സുരക്ഷിതയാത്ര ഒരുക്കുമ്പോഴും പലയിടത്തും സ്ലാബുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്.
രാപകൽ ഭേദമെന്യേ നിരവധി യാത്രക്കാർ കടന്നു പോകുന്ന സുൽത്താൻപേട്ട-സ്റ്റേഡിയം റോഡിൽ കാൽനടയാത്രക്കാർക്ക് അപകടക്കെണിയാവുന്ന നടപ്പാതയിൽ സ്ലാബുകൾ സ്ഥാപിച്ച് സുരക്ഷിതയാത്ര ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.