ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതോടെ വലഞ്ഞ് രോഗികൾ. മേയിൽ തുടങ്ങുമെന്നാണ് ഇപ്പോൾ സൂപ്രണ്ട് നൽകുന്ന സൂചന. എന്നാൽ യൂനിറ്റ് പ്രവർത്തനസജ്ജമാകാൻ ഇനിയും കടമ്പകളുണ്ട്.
ജനറേറ്റർ കിട്ടാത്തതാണ് ഇതുവരെ കാരണമായി പറഞ്ഞിരുന്നത്. ജനറേറ്റർ സ്ഥാപിച്ചെങ്കിലും ഇതിെൻറ പ്രവർത്തനക്ഷമത ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകണം. യൂനിറ്റിലേക്ക് ആവശ്യമായ രണ്ട് സ്റ്റാഫ് നഴ്സുമാരിൽ പരിശീലനം നേടിയവരിൽ ഒരാൾ സ്ഥലംമാറി പോയതിനാൽ മറ്റൊരാൾക്ക് പരിശീലനം നൽകണം. അതിന് ആളെ അയച്ചിട്ടുണ്ട്. അഭിമുഖം പൂർത്തിയായ ഡയാലിസ് ടെക്നീഷ്യനോട് മേയ് ഒന്നിന് ജോലിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. അവർ വന്ന ശേഷം യന്ത്രം പ്രവർത്തനസജ്ജമാക്കണം. തുടർന്ന് പ്രവർത്തന ചുമതലയുള്ള ജില്ല ആശുപത്രിയിലെ ഈ വിഭാഗം ഡോക്ടർ വന്ന് നിലവിൽ രജിസ്റ്റർ ചെയ്ത രോഗികളിൽനിന്ന് ആവശ്യമായവരെ തെരഞ്ഞെടുക്കണം.
ഇതെല്ലാം യഥാസമയം നടക്കുമോ, അതോ തടസ്സങ്ങൾ നിലനിർത്തി പ്രവർത്തനം തടസ്സപ്പെടുത്തുമോ എന്നാണ് ആലത്തൂർ നിവാസികൾ ചോദിക്കുന്നത്. ആവശ്യമായ ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
അഞ്ച് ഡയാലിസിസ് യന്ത്രങ്ങളാണ് ആശുപത്രിയിലുള്ളത്. എൺപതോളം രോഗികളാണ് താലൂക്കാശുപത്രിയിൽ നേരത്തേയുള്ള കണക്കനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രവർത്തനം തുടങ്ങിയാൽ ഒരേ സമയം അഞ്ച് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാവും. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ വേണ്ടി വരുന്ന രോഗികൾക്കായിരിക്കും സേവനം ലഭിക്കുകയെന്നാണ് അറിയുന്നത്. തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ആദ്യ ബാച്ചിനും ചൊവ്വ, വ്യാഴം, ശനി രണ്ടാം ബാച്ചിനും ഡയാലിസിസ് ചെയ്യാൻ കഴിയുംവിധമാണ് സജീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.