പാലക്കാട്: കാഞ്ഞിരപ്പുഴ മുണ്ടകുന്ന് പട്ടികവർഗ ഗ്രാമത്തിലെ രണ്ടു സ്ത്രീകൾ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. കാഞ്ഞിരപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്തെ മാധവി (65), മാതി (45) എന്നിവരാണ് പനിയും ഛർദിയുമായി ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളെ തുടർന്നാണ് മരണമെന്നാണ് സൂചന. മാധവിക്ക് വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും പറയുന്നു.
സംഭവത്തിൽ പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ജില്ല കലക്ടറോടും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോടും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. മരണസാഹചര്യം അറിയുന്നതിനായി വെള്ളം, മലം, രക്തം, കഫം എന്നിവയുടെ സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നാലേ കൃത്യമായി കാരണം അറിയാനാകൂവെന്ന് പട്ടികവർഗ വകുപ്പ് ജില്ല ഓഫിസർ പറഞ്ഞു. നിലവിൽ രണ്ടുപേർ ജില്ല ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽനിന്നും സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
42 കുടുംബങ്ങളാണ് മുണ്ടകുന്നിൽ താമസിക്കുന്നത്. ബുധനാഴ്ച നടത്തിയ മെഡിക്കൽ ക്യാമ്പിൽ എല്ലാവരെയും പരിശോധിച്ചു. പനിയുള്ളവർക്ക് മരുന്ന് നൽകി. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് ക്ലോറിനേഷൻ നടത്തിയെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. സതി അറിയിച്ചു. പട്ടികവർഗ വകുപ്പ് ജില്ല ഓഫിസർ, പ്രമോട്ടർമാർ, വാർഡ് മെംബർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.