പാലക്കാട്: ജനാധിപത്യത്തിന്റെ ഉത്സവം വിളിച്ചോതി ആവേശക്കൊടുമുടിയിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. ജില്ലയിൽ ഉച്ചക്ക് മൂന്നോടെയാണ് മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കൊട്ടിക്കലാശം ആരംഭിച്ചത്. ഒന്നരമാസത്തോളം നീണ്ട പ്രചാരണത്തിന് ഒട്ടും ആവേശം ചോരാതെയായിരുന്നു അവസാനം കുറിച്ചത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം നടന്നത്.
ശബ്ദ മലിനീകരണമുണ്ടാക്കിയേക്കുമെന്ന കാരണം കാണിച്ച് നാസിക് ഡോളും ഡി.ജെയുമടക്കം സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ.
പാലക്കാട് നഗരത്തിൽ വൈകീട്ട് അഞ്ചോടെ സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിൽ മൂന്നുസ്ഥലങ്ങളിലായി സ്ഥാനാർഥികളും പ്രവർത്തകരും നിലയുറപ്പിച്ചതോടെ കൊട്ടിക്കലാശത്തിന് ഉത്സവപ്രതിച്ഛായയായിരുന്നു. മൂന്നുമണിയോടെ ഒലവക്കോടുനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് വിക്ടോറിയ കോളജ്, മോയൻസ് സ്കൂൾ, ടൗൺ സ്റ്റാൻഡ്, കൽമണ്ഡപം വഴിയാണ് റോഡ്ഷോ സ്റ്റേഡിയം ബൈപാസിൽ എത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവന്റെ റോഡ്ഷോക്ക് അഞ്ചോടെ വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് തുടക്കമായത്. വാദ്യമേളങ്ങളും മൈക്ക് അനൗൺസ്മെന്റും ഉൾപ്പെടുന്ന ജാഥയായാണ് കൊട്ടിക്കലാശത്തിന് അനുവദിച്ച് നൽകിയ സുൽത്താൻപേട്ട-സ്റ്റേഡിയം റോഡിൽ എത്തിയത്.
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ റോഡ്ഷോ എൻ.ഡി.എ ഓഫിസിൽ നിന്ന് 2.30ഓടെയാണ് ആരംഭിച്ചത്. മോയൻസ് സ്കൂൾ, ടൗൺ ബസ് സ്റ്റാൻഡ്, ജില്ല ആശുപത്രി, കൽമണ്ഡപം വഴിയാണ് കൃഷ്ണകുമാറും സംഘവും സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമെത്തിയത്. നിയമസഭ മണ്ഡലങ്ങളിലും നിയോജക മണ്ഡലങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു.
മത്സരത്തിന്റെ മുറുക്കവും പെരുക്കവും വിളിച്ചോതുന്നതായിരുന്നു ആലത്തൂർ മണ്ഡലത്തിലെ കൊട്ടിക്കലാശം. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ. രാധാകൃഷ്ണന്റെ റോഡ്ഷോ രാവിലെ 10ഓടെ ചിറ്റൂരിൽനിന്ന് തുടങ്ങി. നെന്മാറ, ചിറ്റിലഞ്ചേരി, വടക്കഞ്ചേരി, പഴയന്നൂർ, ചേലക്കര വഴി വടക്കാഞ്ചേരിയിലായിരുന്ന സമാപനം. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ്ഷോ ഉച്ചക്ക് രണ്ടോടെ വേലന്താവളത്തുനിന്നാണ് ആരംഭിച്ചത്. കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, മുടപ്പല്ലൂർ വഴി വടക്കഞ്ചേരിയിലായിരുന്നു സമാപനം. എൻ.ഡി.എ സ്ഥാനാർഥി ടി.എൻ. സരസുവിന് വോട്ടുതേടി ബൈക്ക് റാലി വൈകീട്ട് മൂന്നോടെ കൊഴിഞ്ഞാമ്പാറയിൽ നിന്ന് ആരംഭിച്ചു. ചിറ്റൂർ കച്ചേരിമേട് വഴി അണിക്കോട് സമാപിച്ചു.
മണ്ഡലത്തിലെ ഏഴുനിയമസഭ മണ്ഡലങ്ങളിലും വിവിധ രാഷ്ട്രീയപാർട്ടികളുടെയും മുന്നണികളുടെയും നേതൃത്വത്തിൽ കൊട്ടിക്കലാശം നടന്നു.
ഒരുമാസത്തിലേറെ നീണ്ട ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തി. മേലെ പട്ടാമ്പിയിൽ മൂന്നു മുന്നണികളും വീറോടെ മുദ്രാവാക്യങ്ങൾ മുഴക്കി നഗരം കീഴടക്കി. വാദ്യമേളങ്ങളുമായി വലിയ കൊടികൾ വീശി പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. യു.ഡി.എഫ് പ്രകടനം മേലെ പട്ടാമ്പിയിൽനിന്ന് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നീങ്ങി. ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച എൽ.ഡി.എഫ് പ്രകടനം മേലെ പട്ടാമ്പിയിലെത്തി പാലക്കാട് റോഡിലേക്ക് കടന്നപ്പോൾ പുറകെ എൻ.ഡി.എ പ്രവർത്തകർ മേലെ പട്ടാമ്പിയിലെത്തി. പ്രസംഗവും മുദ്രാവാക്യങ്ങളുമായി അൽപനേരം ജങ്ഷനിൽ നിലയുറപ്പിച്ച ശേഷം വളാഞ്ചേരി റോഡിലേക്ക് നീങ്ങി. ഇതിനകം ആറ് മണിയായിരുന്നു. കൊട്ടിക്കലാശത്തിൽ മേലെ പട്ടാമ്പി മുതൽ ബസ് സ്റ്റാൻഡ് വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അലനല്ലൂർ
എടത്തനാട്ടുകര കോട്ടപ്പള്ളയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മഠത്തൊടി സിബ്ഗത്ത്, കെ.ടി. ഹംസപ്പ, പി.കെ. നസീർ ബാബു, കെ. അബൂബക്കർ, എം.പി.എ. ബക്കർ, നാസർ കാപ്പുങ്ങൽ, കെ.പി. സത്യപാലൻ, വി. അലി, പി.കെ. നൗഷാദ്, ഒ. നിജാസ്, ടി.പി. മൻസൂർ അബ്ദു മറ്റത്തൂർ എന്നിവർ നേതൃത്വം നൽകി.
മണ്ണാര്‍ക്കാട് നഗരത്തില്‍ മുന്നണികളുടെ കൊട്ടിക്കലാശം ആവേശമായി. സ്ഥാനാര്‍ഥികളായ എ. വിജയരാഘവന്, വി.കെ. ശ്രീകണ്ഠന്, സി. കൃഷ്ണകുമാര്‍ എന്നിവരുടെ വലുതും ചെറുതുമായ കട്ടൗട്ടുകളും കൊടികളുമേന്തി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഡി.ജെ, നാസിക് ഡോളുകള്‍ എന്നിവ നിരോധിച്ചതിനാല്‍ ചെണ്ടമേളങ്ങളും ദഫ്മുട്ടുകളും ആവേശം പകര്‍ന്നു. മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങള്‍ മുന്നില്‍ നീങ്ങി. പിന്നില്‍ നേതാക്കളും അണിനിരന്നു. പട്ടണത്തിലുടനീളം പൊലീസ് സുരക്ഷയുണ്ടായിരുന്നു. ഗതാഗതവും നിയന്ത്രിച്ചു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കുന്തിപ്പുഴ നമ്പിയാംകുന്ന് റോഡ് ജങ്ഷനില്‍നിന്നാണ് എല്‍.ഡി.എഫിന്റെ റാലി പുറപ്പെട്ടത്. നേതാക്കളായ പി.കെ. ശശി, യു.ടി. രാമകൃഷ്ണന്, എം. വിനോദ്കുമാര്‍, എ.കെ. അബ്ദുൽ അസീസ്, മനോമോഹനന്‍, മണികണ്ഠന് പൊറ്റശ്ശേരി, സദഖത്തുല്ല പടലത്ത്, അമീര്‍, ശെല്വന് എന്നിവര്‍ നേതൃത്വം നല്കി. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി പള്ളിപ്പടിയില്‍ സമാപിച്ചു.
യു.ഡി.എഫിന്റെ കൊട്ടിക്കലാശം ആല്‍ത്തറ ജങ്ഷനില്‍നിന്നും തുടങ്ങി നെല്ലിപ്പുഴ സെന്ററിലാണ് സമാപിച്ചത്. നേതാക്കളായ ടി.എ. സലാം, പി. അഹമ്മദ് അഷ്റഫ്, പി.ആര്. സുരേഷ്, അസീസ് ഭീമനാട്, റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേരി, രാജന് ആമ്പാടത്ത്, പി. ഷമീര്‍, നൗഫല്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
ബി.ജെ.പി.യുടെ കൊട്ടിക്കലാശം ജി.എം.യു.പി. സ്കൂള്‍ പരിസരത്തുനിന്നും തുടങ്ങി പച്ചക്കറി മാര്‍ക്കറ്റിനുസമീപം സമാപിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറിമാരായ ബി. മനോജ്, രവി അടിയത്ത്, നേതാക്കളായ എ.പി. സുമേഷ്കുമാര്, ബിജു നെല്ലമ്പാനി, ശ്രീനിവാസന് എന്നിവര്‍ നേതൃത്വം നല്കി.
പ്രചാരണ രംഗത്ത് നാളിതുവരെ വീറും വാശിയും ഉണ്ടായിരുന്നെങ്കിലും മണ്ണൂരിൽ കൊട്ടിക്കലശം നടത്തിയത് എൽ.ഡി.എഫ് മാത്രം. ബി.ജെ.പി ബൈക്ക് റാലി നടത്തിയപ്പോൾ യു.ഡി.എഫ് ഒന്നും തന്നെ സംഘടിപ്പിച്ചില്ല. കൊട്ടിക്കലാശത്തിന് മുമ്പ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബൈക്ക് റാലിയും നടന്നു. തുടർന്നാണ് ബാൻറ് വാദ്യങ്ങളുടെ അകമ്പടിയോടെ മണ്ണൂരിൽ കൊട്ടിക്കലാശം നടത്തിയത്.
ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയോടെ മന്ദം ജങ്ഷനില്‍ നടന്ന കൊട്ടിക്കലാശം ആവേശകമായി. വേലാന്താവളം മുതല്‍ വടക്കഞ്ചേരി വരെ റോഡ് ഷോയും പ്രചാരണവും നടത്തി. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി രമ്യ ഹരിദാസ്, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന് ഉള്‍പ്പെടെ നേതാക്കളും പങ്കെടുത്തു. എല്‍.ഡി.എഫിന്റെ കൊട്ടിക്കലാശം സുനിത ജങ്ഷനിലും എൻ.ഡി.എയുടേത് ടി.ബി റോഡിലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.