പാലക്കാട്: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2023 ഏപ്രില്‍ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പെറ്റീഷനില്‍ പൊതുജനങ്ങളുടെയും മറ്റ് തല്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് ജില്ല പഞ്ചായത്ത് ഹാളില്‍ ബുധനാഴ്ച രാവിലെ 11ന് നടക്കും. പൊതുജനങ്ങള്‍ക്കും താല്പര കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവെക്കാം റെഗുലേറ്ററി കമീഷന് മുമ്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്തരൂപം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമീഷന്റെ www.erckerala.org എന്ന വെബ്സൈറ്റിലും കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്.
വൈദ്യുതി നിരക്ക് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സമര്‍പ്പിക്കുന്ന ശുപാര്ശകളിന്മേല് വ്യവസായ, വ്യാപാര മേഖല, ഉപഭോക്തൃ സംഘടനകള്‍ ഉള്‍പ്പെടെ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷമാണ് കമീഷന് തീരുമാനം കൈക്കൊള്ളാറുള്ളത്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടിക്രമത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമീഷന് ഹിയറിങ്ങുകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന് കമീഷന് അറിയിച്ചു.
തപാല്‍ മുഖേനയും kserc@erckerala.org എന്ന ഇ-മെയില്‍ മുഖേനയും സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.