മണ്ണൂർ: വിദ്യാർഥിനിയുടെ ബാഗിൽ ലഹരിയുണ്ടെന്ന് മൊബൈൽ ഫോണിൽ വിളി വന്നതോടെ രക്ഷിതാക്കൾ ആശങ്കയുടെ മുൾമുനയിലായത് ഒരു മണിക്കൂർ. തുടർന്ന് രക്ഷിതാക്കൾ മങ്കര പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് ആശങ്കയിൽ നിന്ന് മോചിതരായത്.
മണ്ണൂർ വിശ്വജിത് വീട്ടിൽ വിശ്വംഭരന്റെ ഭാര്യയും മങ്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയുമായ എസ്. അജിതക്കാണ് രാവിലെ 9.30 ഓടെ എം.വി.ഡിയാണെന്ന് പറഞ്ഞ് ഫോൺകോൾ എത്തിയത്. കോളജിലേക്ക് ബസിൽ പോയ നിങ്ങളുടെ മകളുടെ ബാഗിൽനിന്ന് ലഹരി സാധനം പിടികൂടിയിട്ടുണ്ടെന്നും എം.വി.ഡി ഓഫിസറാണന്നും 30000 രൂപ ഉടൻ നൽകിയാൽ മകളെ വിടാമെന്നും പറഞ്ഞാണ് ഹിന്ദി ഭാഷയിൽ കോൾ സന്ദേശം എത്തിയത്. വിദ്യാർഥിയുടേതെന്ന് തോന്നുന്ന കരച്ചിലും ബസിന്റെ ശബ്ദവും ഫോണിൽ ഇവർക്ക് കേൾപ്പിച്ചു. പണം മിനിറ്റുകൾക്കകം നൽകിയില്ലെങ്കിൽ വിദ്യാർഥിനിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുമെന്നാണ് ഭീഷണി. ഗൂഗിൾ പേ നമ്പറും നൽകി. ഹിന്ദിയിലായിരുന്നു സംഭാഷണം.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ രക്ഷിതാക്കൾ ആശങ്കയിലായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഭർത്താവ് വിശ്വൻ മറ്റൊരു ഫോണിൽ മങ്കര പൊലീസുമായി ബന്ധപ്പെട്ടു. വിദ്യാർഥി പഠിക്കുന്ന എടത്തറയിലെ കോളജുമായി ബന്ധപ്പെട്ടതോടെ വിദ്യാർഥി കോളജിൽ സുരക്ഷിതയാണന്ന മറുപടി പൊലീസിന് ലഭിച്ചു. വിവരം പൊലീസ് രക്ഷിതാക്കളെ അറിയിച്ചതോടെയാണ് ഒരു മണിക്കൂർ നീണ്ട ആശങ്കക്ക് വിരാമമായത്.
ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണന്ന് പൊലീസ് അറിയിച്ചതോടെയാണ് രക്ഷിതാക്കൾക്ക് സംഭവം മനസ്സിലായത്. രക്ഷിതാക്കൾ നേരെ എടത്തറയിലെ കോളജിലും എത്തി. നടന്ന സംഭവങ്ങൾ അറിയിച്ചിരുന്നു.
കോളജ് അധികൃതരും വിദ്യാർഥികൾക്ക് ജാഗ്രത നിർദേശം നൽകി. തുടർന്ന് മങ്കര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരം കോളുകൾ എത്തിയാൽ ആശങ്ക വേണ്ടെന്നും അറിയിക്കണമെന്നും മങ്കര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.