പാലക്കാട്: തപാൽ വകുപ്പിന്റെ പേരിൽ തട്ടിപ്പ് മെസേജുകൾ അയക്കുന്ന സംഘം രംഗത്ത്. ‘ഇന്ത്യ പോസ്റ്റി’ന്റെ പേരിലാണ് വ്യാജ മെസേജുകൾ വരുന്നത്. നിങ്ങളുടെ പാക്കേജ് വെയർഹൗസിൽ എത്തിയിരിക്കുന്നെന്നും രണ്ടു തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാൽ കഴിഞ്ഞില്ലെന്നുമാണ് തട്ടിപ്പ് നടത്തുന്നവർ അറിയിക്കുക. 48 മണിക്കൂറിനുള്ളിൽ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നിങ്ങളുടെ പാക്കേജ് തിരികെ നൽകുമെന്നും അറിയിക്കും. താഴെ കൊടുത്ത ലിങ്കിലൂടെ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് പൂർത്തിയായ ശേഷം 24 മണിക്കൂറിനുള്ളിൽ വീണ്ടും ഡെലിവറി ചെയ്യുമെന്നുമാണ് അറിയിക്കുക. ലിങ്കിൽ കയറി വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്തിട്ടുണ്ടാവും.
ഡെലിവറി സംബന്ധിച്ച് ഇന്ത്യ പോസ്റ്റ് സന്ദേശങ്ങൾ അയക്കില്ലെന്നും അത്തരം സന്ദേശങ്ങൾ വഞ്ചനയായിരിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും തപാൽ വകുപ്പ് അറിയിച്ചു. ഇത്തരം ആശയവിനിമയങ്ങളുമായി ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്യാതെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കണമെന്നും ഇൻസ്റ്റഗ്രാമടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ തപാൽ വകുപ്പ് നിർദേശം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.