കൊല്ലങ്കോട്: മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നതിനാൽ ജനം ഭീതിയിൽ. വെള്ളാരം കടവ്, മേച്ചിറ, വേലാങ്കാട്, മാത്തൂർ, തെക്കൻ ചിറ, ചാത്തൻപാറ, കള്ളിയമ്പാറ, പറയമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലാണ് 16 ആനകൾ നാല് സംഘങ്ങളായി വിഹരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 16 കർഷകരുടെ 42 തെങ്ങുകൾ, 160 വാഴ, 26 കവുങ്ങ്, 21 മാവ് എന്നിവ നശിപ്പിച്ചു. സോളാർ വൈദ്യുത വേലി തകർത്ത് കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും എത്തുന്ന കാട്ടാനകൾ വ്യാപകമായ തോതിലാണ് കൃഷിനാശം വരുത്തുന്നത്. രാത്രി സമയങ്ങളിലാണ് കാട്ടാനകൾ വ്യാപകമായി നാട്ടിലേക്ക് ഇറങ്ങുന്നത്.
ഇതിനെതിരെ വനം വകുപ്പ് ദ്രുത കർമസേന വിഭാഗം സജീവമായി രംഗത്ത് ഉണ്ടെങ്കിലും 24 കിലോമീറ്റർ അതിർത്തി പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിലായി വേലി പൊളിച്ച് നാട്ടിൽ ഇറങ്ങി ആക്രമണം അഴിച്ചുവിടുകയാണ്. പമ്പ് സെറ്റുകൾ, ജലസേചന പൈപ്പുകൾ, കാവൽ ഷെഡുകൾ എന്നിവയും തകർക്കുന്നുണ്ട്. കാട്ടാന ആക്രമണം രൂക്ഷമായതിനാൽ നാട്ടുകാർക്കും കർഷകർക്കും ഉറക്കമില്ലാതായി. ദ്രുത കർമ സേന സജീവമായി രംഗത്തുണ്ടെങ്കിലും എല്ലാ പ്രദേശങ്ങളിലും ഓടിയെത്താനാകുന്നില്ല. കൂടുതൽ വനം ഉദ്യോഗസ്ഥരെ എത്തിച്ച് ആനകളെ തുരത്തി പറമ്പിക്കുളം വനാന്തരത്തിൽ എത്തിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൈ കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; ജനം ഭീതിയിൽ
കല്ലടിക്കോട്: തൈ കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി വൻതോതിൽ കൃഷി നാശം വരുത്തി. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിലും പരിസരങ്ങളിലും ജനങ്ങളുടെ പേടിസ്വപ്നമായ തൈ കൊമ്പൻ മൂന്നേക്കറിൽനിന്ന് എട്ട് കിലോമീറ്റർ അകലെ മെലേ പയ്യാനിയിലും പരിസരങ്ങളിലുമാണ് നാശം വരുത്തിയത്.
ചെറുമലയുടെ ഭാഗത്ത് നിന്നെത്തിയ കൊമ്പൻ കരിമ്പ ഗ്രാമപഞ്ചായത്തിലെ വാക്കോട് വഴി മേലേപയ്യാനിയിലാണ് കഴിഞ്ഞ ദിവസം അർധരാത്രി ഇറങ്ങിയത്. കല്ലടിക്കോട് മേലെ പയ്യാനി പെരിയംപാടത്ത് മോഹൻദാസിന്റെ കൃഷിഭൂമിയിലെ വിളകൾ നശിപ്പിച്ചു. തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, കടപ്ലാവ് തുടങ്ങിയവയാണ് കാട്ടാന പിഴുതും ചവിട്ടിയും നശിപ്പിച്ചത്. ജനസഞ്ചാരം കൂടിയ ദേശീയപാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലം വരെയുള്ള സ്ഥലത്തും കാട്ടാന എത്തി.വീട്ടുമുറ്റങ്ങളിലും നാട്ടുപാതകളിലും പതിവായി എത്തുന്ന കൊമ്പന് തൈ പ്രായത്തിലുള്ള വിളകളാണ് ഏറെ ഇഷ്ടം. ജനവാസ മേഖലയിലെ കാട്ടാനയുടെ സാന്നിധ്യം കാരണം ജനം ഏറെ പ്രതിസന്ധിയിലാണ്. ജനവാസ മേഖലയിൽ സ്ഥിരം ശല്യമായ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് കരിമ്പ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസ്സാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.