ഷൊർണൂർ: കർഷകർക്ക് അനുവദിച്ച തുക ബാങ്കധികൃതർ നൽകുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി പാടശേഖര സമിതി. ആറ് മാസം മുൻപ് സപ്ലൈകോക്ക് നെല്ല് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുക സപ്ലൈകോ ബന്ധപ്പെട്ട ബാങ്കുകളിലേക്ക് കൈമാറിയിരുന്നു. ജൂൺ 30 വരെ ലിസ്റ്റ് ചെയ്ത തുകകൾ കർഷകർക്ക് നൽകാൻ സപ്ലൈകോ ബാങ്കുകൾക്ക് നിർദേശം നൽകിയെന്നും കർഷകരോട് പറഞ്ഞിട്ടുണ്ട്. കാനറ ബാങ്ക് കർഷകർക്ക് ജൂൺ 30 വരെയുള്ള തുകകൾ നൽകുന്നുണ്ട്. എന്നാൽ, സ്റ്റേറ്റ് ബാങ്ക് മെയ് 10 വരെയുള്ള തുകകൾ മാത്രമാണ് അനുവദിക്കുന്നതെന്നതാണ് പരാതി. ഇത് സംബന്ധിച്ച് കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയ് പ്രകാശ് ശങ്കറും സെക്രട്ടറി സി.ബിജുവുമാണ് പരാതി നൽകിയത്. കർഷകർക്കുള്ള തുക ലഭിക്കാൻ വൈകിയെന്നാരോപിച്ച് കഴിഞ്ഞ ജൂൺ 29 ന് കൃഷിഭവന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതേതുടർന്ന് കൃഷിമന്ത്രിയും മറ്റും ഇടപെട്ടതിനെ തുടർന്നാണ് കർഷകർക്ക് തുക അനുവദിച്ചത്. ഈ തുകയാണ് ബാങ്കധികൃതർ നൽകാതിരിക്കുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. കൃഷി സുസ്ഥിര വികസന പദ്ധതിയിൽ ലഭിക്കേണ്ട തുകയും ഉഴവ് കൂലിയും നെല്ലിന്റെ സംഖ്യയും ലഭിക്കാതായതോടെ കർഷകർ ഏറെ വിഷമത്തിലാണ്. പലരും വായ്പയെടുത്തും സ്വകാര്യ വ്യക്തികളിൽ നിന്നും കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്. ഇനിയും വിശ്വസിച്ച് കടം വാങ്ങാൻ കഴിയാത്തതിനാൽ ഭൂരിഭാഗം കർഷകരും ഒന്നാം വിളയിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.