ഇരവാലൻ വിഭാഗമാണ് പട്ടയവും വീടും ലഭിക്കാതെ ഓലക്കുടിലിൽ ജീവിതം തള്ളിനീക്കുന്നത്
സാദിഖ് കൊല്ലങ്കോട്
കൊല്ലങ്കോട്: ജാതി നിർണയത്തിൽ കുടുങ്ങി ഓലക്കുടിലിൽ കഴിയുന്ന നൂറിലധികം ജീവിതങ്ങൾ. കൊല്ലങ്കോട് മേഖലയിലെ ഇരവാലൻ വിഭാഗമാണ് ജാതി നിർണയത്തിൽ കുടുങ്ങിയതിനാൽ പട്ടയവും വീടും ലഭിക്കാതെ ഓലക്കുടിലിൽ ജീവിതം തള്ളിനീക്കുന്നത്.
കൊല്ലങ്കോട് ഒന്ന്, രണ്ട്, എലവഞ്ചേരി വില്ലേജുകളിലായി 138 കുടുംബങ്ങളിലെ ഇരവാലൻ കുടുംബ ങ്ങൾക്ക് പട്ടികവർഗ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനാലാണ് ദുരിതത്തിലായത്.
കിർതാഡ്സിന്റെ പഠനത്തിൽ കൊല്ലങ്കോട് മേഖലയിലുള്ള ഇരവാലൻ വിഭാഗത്തിലുള്ളവർക്ക് ആദിവാസി സർട്ടിഫിക്കറ്റ് നൽകാൻ യോഗ്യതയില്ല. ഇതുമൂലം വീട്, പട്ടയം, വിദ്യാർഥികളുടെ സ്കോളർഷിപ് തുടങ്ങിയവ അനിശ്ചിതത്വത്തിലായി. എന്നാൽ തങ്ങളുടെ വംശാവലിയിലുള്ള ബന്ധുക്കളും മുൻതലമുറക്കാരും ഇപ്പോഴും മുതലമട പഞ്ചായത്തുകളിൽ പട്ടികവർഗ സർട്ടിഫിക്കറ്റുകൾ നേടി സർക്കാറിന്റെ ആനുകൂല്യങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നതായി പുത്തൻപാടം നഗറിലുള്ളവർ പറഞ്ഞു. ഇരവാലൻ വിഭാഗത്തിന് പട്ടികവർഗ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2017 ഡിസംബര്‍ 27 മുതല്‍ 253 ദിവസം കൊല്ലങ്കോട് വില്ലേജിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിരുന്നു. പൊലീസ് ഇടപെട്ട് സമരപ്പന്തൽ അഴിക്കുകയായിരുന്നു. കൊല്ലങ്കോട് പഞ്ചായത്തിലെ ഇരവാലൻ വിഭാഗക്കാർ വസിക്കുന്ന പറത്തോട്, പുത്തന്പാ ടം, മാത്തുര്‍, വേങ്ങപ്പാറ, ചാത്തന് പാറ, കൊട്ടകുറിശ്ശി എന്നീ ആദിവാസി നഗറുകളിലെ ദുരവസ്ഥ സർക്കാർ പരിഗണിച്ചിട്ടില്ലെന്ന് കോളനി നഗർ പറയുന്നു. നിരന്തര ഇടപെടൽ മൂലം കോളനികളിലേക്ക് കൃഷിയിടത്തിലൂടെ റോഡിന് സ്ഥലം വിട്ടുനൽകിയിരുന്നു. തുടർന്ന് സർക്കാർ ഫണ്ടിൽ വശങ്ങൾ നിർമിച്ചത് കോളനിവാസികൾക്ക് ആശ്വാസമായെങ്കിലും റോഡിനായി മെറ്റൽ, ടാറിങ് എന്നിവ ഉണ്ടായിട്ടില്ല. പട്ടയമില്ലാത്തതിനാൽ ഭവന പദ്ധതികളിൽ നിന്നും ഇവർ പുറത്താണ്.
വാസയോഗ്യമായ വീട് ഇല്ലാത്തതിനാൽ പറത്തോട്, പുത്തൻപാടം സ്വദേശികളായ 40ൽ അധികം കുടുംബങ്ങൾ ഓല ക്കുടിലിൽ തന്നെയാണ് വാസം.
സ്കോളർഷിപ്പുകൾ എന്നിവ ഇല്ലാത്ത കോളനിവാസികൾക്ക് ജാതി നിർണയിക്കാത്തതിന്റെ പേരിൽ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് നഗറിലുള്ളവർ പറയുന്നു.
എന്നാൽ കോളനിവാസികളിൽ ചിലർക്ക് വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളായ കട്ടിൽ ഉൾപ്പെടെയുള്ളവ വാങ്ങി നൽകിയതായി പഞ്ചായത്ത് അംഗം ആർ. ശിവൻ പറഞ്ഞു. താലൂക്കുതല മന്ത്രിമാരുടെ അദാലത്തിൽ കോളനിവാസികൾക്ക് പട്ടയവും ഭവന പദ്ധതി യിൽ ഉൾപ്പെടുത്തി വീണ്ടും പരാതി നനൽകാനുള്ള നടപടിക്രമങ്ങൾ ആരം ഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.