മണ്ണാര്‍ക്കാട്: മഴ തുടങ്ങിയതോടെ മണ്ണാര്‍ക്കാട് മേഖലയിൽ പനി പടരുന്നു. ഭീഷണിയായി ഡെങ്കിപ്പനിയും വ്യാപിക്കുന്നുണ്ട്. മണ്ണാർക്കാട് ബ്ലോക്ക് പരിധിയിൽ കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, അലനല്ലൂർ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം അറുപതിലധികം ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകൾ കണ്ടെത്തി.
സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ കണക്കുകൾ ലഭ്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിൽ എത്തുന്ന പനി ബാധിതരുടെയും ഡെങ്കി സ്ഥിരീകരിക്കുന്നവരുടെയും കണക്കുകൾ പലപ്പോഴും ലഭ്യമല്ല. അതുകൊണ്ട് തന്നെ വ്യാപനം എത്രത്തോളം ഉണ്ടെന്നുള്ള കാര്യവും വ്യക്തമല്ല.
ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളിൽ നിന്നും മറ്റും വിവര ശേഖരണത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ മാത്രം ദിവസവും നൂറുകണക്കിന് രോഗികളാണ് പനി ബാധിച്ചെത്തുന്നത്. തെങ്കര പഞ്ചായത്തിലാണ് കൂടുതൽ ഡെങ്കിപ്പനി ബാധിതർ. മറ്റു പഞ്ചായത്തുകളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പനിബാധിതര്‍ക്കുള്ള മരുന്നുകളും മറ്റും ആശുപത്രിയിലുണ്ടെങ്കിലും ഇതും പരിമിതമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ചവര്‍ ചികിത്സ തേടുന്നതിനാല്‍ രോഗികളുടെ എണ്ണത്തില്‍ വ്യാപക വര്‍ധനവുള്ളതായാണ് സൂചന. കഴിഞ്ഞ മൂന്നുവര്‍ഷമായി താലൂക്കില്‍ ഡെങ്കിപ്പനി കാര്യമായി റിപ്പോര്ട്ടുചെയ്യപ്പെട്ടിരുന്നില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ പല പഞ്ചായത്തുകളും മഴക്ക് മുമ്പേ നടത്തിയിട്ടുണ്ടെങ്കിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ പ്രജനന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് സത്യം. അലക്ഷ്യമായി വലിച്ചെറിയുന്നതും വെള്ളം കെട്ടികിടക്കുന്നതുമായ വസ്തുക്കളിലാണ് ഇത്തരം കൊതുകുകളുടെ ഉറവിടകേന്ദ്രം.
വീടിനകത്തും പുറത്തും വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണത്തിലൂടെ കൊതുകുകളെ ഇല്ലാതാക്കുക, അലങ്കാരച്ചെടിച്ചട്ടികളില് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ ശുദ്ധജലസ്രോതസുകളില്‍ ജൈവിക നിയന്ത്രണത്തിന്റെ ഭാഗമായി ഗപ്പി, ഗാംബൂസിയ, മാനത്തുകണ്ണി എന്നീ കൂത്താടിഭോജി മത്സ്യങ്ങളെ നിക്ഷേപിക്കുക, ടാങ്കുകളും പാത്രങ്ങളും നന്നായി മൂടിവെക്കുക എന്നീ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.