കുടുംബ വ്യവസ്ഥകളിലെ മാറ്റങ്ങളും ജീവിത ശൈലി വ്യത്യാസങ്ങളും സാമ്പത്തിക അച്ചടക്കമില്ലായ്മയുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധികളായി മാറിയിരിക്കുകയാണ്. പ്രതിസന്ധികളെ ചൂഷണം ചെയ്യാൻ കൊള്ളപ്പലിശക്കാരുടെ സംഘം കൂടിയാവുമ്പോൾ കരകയറാനാവാത്ത കടക്കെണിയിലേക്കാണ് സാധാരണക്കാർ നീങ്ങുന്നത്. ഒരിക്കൽ തല വെച്ചാൽ തിരിച്ചുകയറുക അസാധ്യമെന്ന് തന്നെ പറയേണ്ടി വരും.
സഹകരണ ബാങ്കുകളും പൊതുമേഖല ബാങ്കുകളുമൊന്നും സാധാരണക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. ആകർഷകമായ ലാഭം വാഗ്ദാനം ചെയ്തും സാമ്പത്തിക ആവശ്യങ്ങൾക്ക് ലളിതവ്യവസ്ഥയിൽ പണം നൽകി ഇടപാടുകാരെ ആകർഷിച്ച് കുടുക്കിലാക്കുന്ന നിരവധി ചിട്ടിക്കമ്പനികളാണ് ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇവക്കൊന്നും കേന്ദ്ര ചിട്ടി നിയമം അനുശാസിക്കുന്ന ഒരു രജിസ്ട്രേഷനുമില്ല. സാമ്പത്തിക ഇടപാടുകൾ നടത്താനോ പണം കടമായി നൽകുന്നതിനോ ഒരു അനുമതിയും ഇവർക്കില്ല. ഇവർക്കെതിരെ നടപടിയെടുക്കേണ്ട സർക്കാർ വകുപ്പുകളൊന്നും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
സർക്കാർ സംരംഭമായ കെ.എസ്.എഫ്.ഇയിൽ ചിട്ടി വിളിച്ച് പണം കിട്ടണമെങ്കിൽ സാധാരണക്കാരൻ കടമ്പകളേറെ കടക്കണം. തുല്യ തുകക്കുള്ള സ്വർണമോ വസ്തുവോ ഈടായി നൽകണം. അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണം. ഇങ്ങനെയുള്ള നൂലാമാലകളൊന്നും സ്വകാര്യ ചിട്ടിക്കമ്പനികളിലില്ല. കുടുംബാംഗങ്ങളാരെങ്കിലും ഗ്യാരന്റിയായി ചെക്ക് നൽകിയാൽ മതി. വീട്ടിലെ സ്ത്രീകളാരെങ്കിലുമാണ് ജാമ്യം നിൽക്കുന്നതെങ്കിൽ ചെക്ക് കേസിൽപെടുത്തി കോടതി കയറ്റുമെന്ന ഒറ്റ ഭീഷണിയിൽ സ്വന്തമായുള്ള വസ്തുവും വീടുമെല്ലാം ചിട്ടിക്കമ്പനിക്ക് സ്വന്തമാവും. ഒരു രജിസ്ട്രേഷനുമില്ലാത്ത 20ലേറെ ചിട്ടിക്കമ്പനികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ ഓഫിസ് നടത്തി കേരളത്തിൽനിന്ന് പണം പിരിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ഇവർക്കെതിരെ നടപടിയെടുക്കാൻ രജിസ്ട്രേഷൻ വകുപ്പിന് സാധിക്കില്ല. വായ്പയെടുക്കാൻ ആധാരവുമായി ബാങ്കുകൾ തോറും കയറിയിറങ്ങിയാലും മാസങ്ങളാവും സാധാരണക്കാർക്ക് പണം ലഭിക്കാൻ. ഇത് മറികടക്കാൻ എളുപ്പവഴിയായാണ് ചിട്ടികളിൽ ആളുകൾ ചേരുന്നത്. ഗോപാലപുരത്ത് പ്രവർത്തിക്കുന്ന കമ്പനികളിലൊന്നിൽ ഒരു ചിട്ടി വെച്ചാൽ അടുത്ത മാസം പണം റെഡി. ഈടായി ആധാരം വെക്കണമെന്ന് മാത്രം. 10 ലക്ഷത്തിന്റെ ചിട്ടി വെച്ചാൽ അഞ്ചോ ആറോ ലക്ഷം കിട്ടും. കെ.എസ്.എഫ്.ഇ പോലെ നൂലാമാലകളൊന്നുമില്ല. പക്ഷേ അടവ് തെറ്റിയാൽ വിധം മാറും. വൈകാതെ ഈടായി നൽകിയ ഭൂമിയും കമ്പനിക്ക് സ്വന്തമാവും.
കുറഞ്ഞ തുകക്ക് വിളിച്ചെടുക്കുന്ന ചിട്ടിയുടെ വരിക്കാരന്റെ കുറവ് വരുന്ന തുക ആ ചിട്ടിയിലെ മറ്റംഗങ്ങൾക്ക് വീതിച്ചുനൽകുകയാണ് പതിവ്. ഇതാണ് ചിട്ടി വെക്കുന്നതിന്റെ ലാഭവും. എന്നാൽ, ഗോപാലപുരത്തെ ചിട്ടിക്കമ്പനിയിൽ ആദ്യമാസം തന്നെ വേണമെങ്കിൽ മുഴുവൻ അംഗങ്ങൾക്കും ചിട്ടി തുകയുടെ 40 ശതമാനം വരെ കുറവിൽ പണം ലഭിക്കും. അതോടെ ലാഭവിഹിതം കമ്പനിക്കും. ചെറിയ കിഴിവ് ലഭിച്ചതായി കാണിക്കുമെങ്കിലും കൊള്ള ലാഭമാണ് കമ്പനികൾ ഉണ്ടാക്കുന്നത്.
ഗോപാലപുരത്തെ ഒരു ചിട്ടിക്കമ്പനി അടവു മുടങ്ങിയതിന് വീട്ടുടമയെ കുടിയൊഴിപ്പിക്കാനെത്തി. സംഭവം 2022ലാണ്. കുടിയൊഴിപ്പിക്കപ്പെടുന്ന വയോധികന്റെ ഒരു ബന്ധു യുവജന സംഘടനയുടെ നേതാവായതു കൊണ്ട് വീടൊഴിയേണ്ടി വന്നില്ല. സംഭവം കേസായി. പിന്നീട് മുതിർന്ന നേതാക്കൾ ഇടവെട്ട് വിഷയം ഒതുക്കിത്തീർത്തു. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് അതിർത്തി മേഖലയിൽ നിത്യസംഭവങ്ങളാവുന്നത്. ചിട്ടിയല്ല, അതിന്റെ മറവിൽ പലിശ ഇടപാടുകളാണ് നടക്കുന്നതെന്ന് അധികൃതർക്ക് വ്യക്തമായി അറിയാം. എന്നാൽ, ഇവർക്കെതിരെ ചെറുവിരൽ അനക്കില്ലെന്ന് മാത്രം.
അംഗങ്ങളുടെ നിക്ഷേപം മൂലധനമാക്കി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്കും ലാഭക്കണക്കുകളിൽ മാത്രമാണ് കണ്ണ്. വാർഷിക പലിശ പരമാവധി 6.5 ശതമാനം മാത്രം നിക്ഷേപങ്ങൾക്ക് നൽകുമ്പോൾ സ്വർണപ്പണയത്തിനുൾപ്പെടെ വായ്പയെടുക്കുന്നവരിൽനിന്ന് ഈടാക്കുന്നത് 14 ശതമാനം വാർഷിക പലിശയാണ്. വീഴ്ച വരുത്തിയാൽ പിഴയുൾപ്പെടെ 20 ശതമാനം വരെയെത്തും. ദേശസാത്കൃത ബാങ്കുകൾ 8.5 ശതമാനം മാത്രമാണ് ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകളുടെയും ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും പലിശക്കൊപ്പം വരുന്ന തുകയാണ് സഹകരണ ബാങ്കുകൾ ഈടാക്കുന്നത്. മാത്രമല്ല സാങ്കേതികത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലും വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരക്കാർക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ വട്ടിപ്പലിശക്കാരെയും മൈക്രോ ഫിനാൻസുകളെയും അനധികൃത ചിട്ടിക്കമ്പനികളെയുമൊക്കെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.
2019 മുതൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 250ൽ താഴെ കേസുകളാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു. 1958ലെ പണം കൊടുക്കൽ നിയമവും 2012ലെ അമിത പലിശ ഈടാക്കൽ നിരോധന നിയമവും അനുസരിച്ചാണ് കേസുകൾ. കേസുകളുടെ എണ്ണത്തിൽ ഒട്ടും പിന്നിലല്ല ജില്ല. എന്നാൽ, ഓപറേഷൻ കുബേരയിലൂടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഇപ്പോഴും നിയമക്കുരുക്കിലാണ്.
പരാതിക്കാരെ പേടിപ്പിച്ചും പണം തിരികെ കൊടുത്തും ചിലർ രക്ഷപ്പെടും. കേസൊക്കെ ഒതുങ്ങിയപ്പോൾ വീണ്ടും സജീവമായവരും നിരവധി. പലിശക്കെണിയിൽ കുടുങ്ങി ജീവീതവും ജീവനും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങൾക്ക് നിയമത്തിന് മുന്നിൽ ഉത്തരവാദികളില്ലെന്നതാണ് യാഥാർഥ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണ കുബേരന്മാർക്കാണെന്ന് പലിശക്കെണിയിൽ കുടുങ്ങിയവർ പറയുന്നു.
ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പരാതി നൽകാനൊരുങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തന്നെ. ചിലരെ മുന്നിൽ നിർത്തി പണമിറക്കുന്നത് ചില രാഷ്ട്രീയ നേതാക്കളാണെന്നതും പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ പിന്തുണയിൽ പലിശക്കാർ തടിച്ചുകൊഴുക്കുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. കേരളം ഇപ്പോഴും പലിശക്കെണിയിൽ കുരുങ്ങിക്കിക്കുന്നത് ഇങ്ങനെയാണ്.
ഫിനാൻസ് ലോബികളുമായി പൊലീസിന്റെ ഒത്തുകളി. അനുമതിയില്ലാത്ത ഫിനാൻസ് സ്ഥാപനങ്ങൾ മൈക്രോ ഫിനാൻസ് എന്ന വ്യാജേന വായ്പ നൽകി തിരിച്ചടവിന്റെ പേരിൽ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുമ്പോഴും ഒത്തുതീർപ്പ് നീക്കവുമായി ചിറ്റൂർ പൊലീസ്. മൈക്രോ ഫിനാൻസിന്റെയും ഫിനാൻസ് കമ്പനികളുടെയുമൊക്കെ പേരിൽ വീടുകൾ കയറി സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയും ആത്മഹത്യ ചെയ്യേണ്ട സാഹചര്യംവരെ ഉണ്ടായിട്ടും ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടും ചിറ്റൂരിലെ സ്പെഷൽ ബ്രാഞ്ച് ജില്ല പൊലീസ് മേധാവിക്ക് നൽകിയിട്ടില്ല.
രണ്ടാഴ്ചക്കിടെ ഒരു ആത്മഹത്യയും ആത്മഹത്യ ശ്രമവും ഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെത്തുടർന്ന് സംഭവിച്ചിരുന്നു. പരാതി നൽകിയിട്ടും കേസെടുക്കാനോ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനോ പൊലീസോ രഹസ്യാന്വേഷണ വിഭാഗമോ തയാറായിട്ടില്ല. ചിറ്റൂർ വാൽമുട്ടി സ്വദേശിയായ ജയകൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിന്റെ ചൂടാറുംമുമ്പേ കമ്പനികൾ പണം ആവശ്യപ്പെട്ട് ഇടപാടുകാരെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഇതാണ് ചിറ്റൂർ സ്വദേശിനിയായ വീട്ടമ്മയുടെ ആത്മഹത്യ ശ്രമത്തിൽ കലാശിച്ചത്. 30ലേറെ ചെറുതും വലുതുമായ ഫിനാൻസ് സ്ഥാപനങ്ങളാണ് ചിറ്റൂരിൽ മാത്രം പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും മൈക്രോ ഫിനാൻസ് മാതൃകയിൽ സ്ത്രീകളെ ഗ്രൂപ്പുകളാക്കി വായ്പ നൽകാൻ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്നവയാണ്. എന്നാൽ ഇത് മറച്ചുവെച്ച് തിരിച്ചടവിന് വേണ്ടി ഭീഷണിപ്പെടുത്തുകയും പരാതിയാവുകയും ചെയ്യുമ്പോഴും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചടവിന് സാവകാശം വാങ്ങി നൽകുക മാത്രമാണ് ചിറ്റൂർ പൊലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.